കളമശേരി സ്ഫോടനങ്ങൾക്ക് പിന്നാലെകേന്ദ്രമന്ത്രി മുതൽ മാധ്യമപ്രവർത്തകർ വരെ.. വിദ്വേഷപ്രസ്താവനയുടെ പേരിൽ ചുരുങ്ങിയ ദിവസത്തിനുള്ളിൽ കേസിൽ പ്രതികളായവരുടെ എണ്ണം 31 ആയി. ഇതാദ്യമായാണ് ഇത്തരമൊരു വിഷയത്തിൽ ഇത്ര കർശന നടപടി കേരളത്തിൽ ഉണ്ടാകുന്നത്






കേന്ദ്രമന്ത്രി മുതൽ മാധ്യമപ്രവർത്തകർ വരെ വിദ്വേഷപ്രസ്താവനയുടെ പേരിൽ ചുരുങ്ങിയ  ദിവസത്തിനുള്ളിൽ കേസിൽ പ്രതികളായവരുടെ എണ്ണം 31 ആയി. ഇതാദ്യമായാണ് ഇത്തരമൊരു വിഷയത്തിൽ ഇത്ര കർശന നടപടി കേരളത്തിൽ ഉണ്ടാകുന്നത്. നേതാക്കളടക്കം പ്രതിസ്ഥാനത്ത് നിൽക്കുന്നവർ പലരും അറസ്റ്റിൻ്റെ വക്കിലാണ്. എല്ലാവർക്കുമെതിരെ ജാമ്യമില്ലാത്ത വകുപ്പുകളാണ് പോലീസ് ചുമത്തിയിട്ടുള്ളത്. വിട്ടുവീഴ്ചയൊട്ടും വേണ്ട എന്ന തരത്തിൽ ഏറെക്കുറെ ‘ഫ്രീഹാൻഡ്’ ആണ് ഇക്കാര്യത്തിൽ പോലീസിന് സർക്കാർ നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെ കിട്ടിയ പരാതികളിൽ മിക്കതിലും പ്രാഥമിക പരിശോധക്ക് ശേഷം എഫ്ഐആർ റജിസ്റ്റർ ചെയ്യുകയാണ് ഉണ്ടായിട്ടുള്ളത്. ചിലതിലെല്ലാം പോലീസ് നിയമോപദേശം തേടുന്നുമുണ്ട്. ഇനിയും കേസുകൾ ഉണ്ടാകുമെന്നും കൂടുതൽ പേർ പ്രതികളാകുമെന്നും ചുരുക്കം



കളമശേരി സ്ഫോടനങ്ങൾക്ക് പിന്നാലെ കേരളത്തിലെത്തിയ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിൻ്റെ പ്രസ്താവന വലിയ വിവാദമായതിന് പിന്നാലെ തന്നെ പോലീസ് കേസെടുക്കുകയായിരുന്നു. പുറത്തു നിന്ന് ആരെങ്കിലും പരാതിയുമായി എത്തുന്നതിന് മുമ്പേ കൊച്ചിയിലെ സൈബർ പോലീസ് ഉദ്യോഗസ്ഥരിൽ ഒരാളെ പരാതിക്കാരനാക്കിയാണ് ആദ്യ കേസെടുത്തത്. ജാമ്യം കിട്ടാത്ത 153A വകുപ്പിലാണ് ഇത്. തൊട്ടുപിന്നാലെ കെപിസിസി സോഷ്യൽ മീഡിയ ചുമതലയുള്ള ഡോ. പി.സരിൻ്റെ പരാതിയിൽ രണ്ടാം കേസും എറണാകുളം സെൻട്രൽ പോലീസ് റജിസ്റ്റർ ചെയ്തു.
മറുനാടൻ മലയാളി ഓൺലൈൻ ചാനലിനെതിരെ നാല് കേസുകളാണ് ഇന്നുവരെ എടുത്തിട്ടുള്ളത്. പരാതിക്ക് അടിസ്ഥാനമായ വാർത്ത ചാനലിൻ്റെ പേജിൽ നിന്നും യൂട്യൂബ്, ഫെയ്സ്ബുക്ക് പ്ലാറ്റ്ഫോമുകളിൽ നിന്നും നീക്കംചെയ്തിട്ടുണ്ട്. എന്നാൽ ഇവയുടെ ഡൗൺലോഡ് ചെയ്ത കോപ്പികൾ സഹിതമാണ് പരാതികൾ പോലീസിന് മുന്നിലെത്തിയിട്ടുള്ളത്. ഇതേ വിഷയത്തിൽ കൂടുതൽ പരാതികൾ ഇനിയും വിവിധ സ്റ്റേഷനുകളിൽ പരിഗണനയിലുണ്ട്.

ജനം ടിവിയിലെ അനിൽ നമ്പ്യാർ, റിപ്പോർട്ടർ ടിവിയിലെ സുജയ പാർവതി എന്നീ മാധ്യമ പ്രവർത്തകർക്കെതിരെ റജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളും ജാമ്യം കിട്ടാത്ത വകുപ്പുകൾ പ്രകാരമാണ്. ചാനലിൽ നടത്തിയ പരാമർശങ്ങളുടെ പേരിലാണ് രണ്ട് കേസും. ബിജെപി നേതാവ് സന്ദീപ് വാര്യർക്കെതിരെ കളമശേരി പോലീസെടുത്ത കേസ് വിദ്വേഷം പ്രചരിപ്പിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പേരിലാണ്. എഐവൈഎഫ് നേതാവാണ് ഇതിലെ പരാതിക്കാരൻ. കളമശേരിയുമായി സ്ഫോടനങ്ങൾക്ക് പിന്നാലെയാണ് റജിസ്റ്റർ ചെയ്തതെങ്കിലും, ബിജെപി ദേശീയ സെക്രട്ടറി അനിൽ ആൻ്റണിക്കെതിരെയുള്ള കേസിലെ വിഷയം മറ്റൊന്നാണ്. കാസർകോട്ട് ഒരുസംഘം വിദ്യാർത്ഥിനികൾ ബസ് തടഞ്ഞതിൻ്റെ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്ന വിശദീകരണത്തേോടെ പ്രചരിപ്പിച്ചതിനാണ് ഈ കേസ്. കാസർകോട് സൈബർ ക്രൈം ഇൻസ്പെക്ടർ എ.നാരായണൻ സ്വമേധയാ ആണ് ഈ കേസെടുത്തത്.

ഞായറാഴ്ച രാവിലെ കളമശേരി സ്ഫോടനം ഉണ്ടായതിന് പിന്നാലെ അതിനെ പാലസ്തീൻ വിഷയവുമായി ബന്ധപ്പെടുത്തി പരാമർശങ്ങൾ നടത്തിയതാണ് ഇവർക്കെല്ലാം എതിരെയുള്ള പരാതിയിലെ പ്രധാന ഉള്ളടക്കം. ഒരു മതവിഭാഗത്തെ ഏകപക്ഷീയമായി ടാർഗറ്റ് ചെയ്യുന്നുവെന്ന പ്രതീതിയാണ് ഇതുണ്ടാക്കിയത്. അതുകൊണ്ട് തന്നെ പരാതികൾ പ്രവഹിക്കുകയും ചെയ്തു. ഈ വികാരം തിരിച്ചറിഞ്ഞാണ് കർശന നടപടിക്ക് സർക്കാർ നിർദേശം നൽകിയത്. ഇതിന് പാർട്ടിയുടെയും പൂർണ പിന്തുണ ഉണ്ടായിരുന്നു. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ ആദ്യദിനം മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചതിൽ ഈ സന്ദേശം വ്യക്തമായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പോലീസും നടപടികൾ ഊർജിതമാക്കിയത്. ഡോ. പി.സരിൻ ഒരു പരാതി പോലീസിൽ നൽകിയതൊഴിച്ചാൽ ഈ വിഷയത്തിലാകെ പ്രതിപക്ഷം ഏതാണ്ട് കാഴ്ചക്കാരുടെ റോളിലാകുകയും ചെയ്തു. പ്രതിസന്ധി ഘട്ടത്തിൽ പൊടുന്നനെ നാടിൻ്റെ ചാമ്പ്യനാകുന്ന പതിവ് റോളിലേക്ക് മുഖ്യമന്ത്രി മാറുകയും ചെയ്തു.
Previous Post Next Post