പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷാപാത്രവുമായി തെരുവിലിറങ്ങിയ മറിയക്കുട്ടിയെ കാണാൻ സുരേഷ് ഗോപിയെത്തി


 

ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ ഭിക്ഷാപാത്രവുമായി അടിമാലിയിലെ തെരുവിലിറങ്ങിയ മറിയക്കുട്ടിയുടെ വീട്ടിൽ നടനും ബി ജെ പി നേതാവുമായ സുരേഷ്ഗോപിയെത്തി. വെള്ളിയാഴ്ച രാവിലെ 8.30നായിരുന്നു സന്ദർശനം. മറിയക്കുട്ടിയുടെ ദുരിതജീവിതം നേരിൽ കണ്ടറിഞ്ഞ സാഹചര്യത്തിൽവേണ്ട സഹായങ്ങൾ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസങ്ങളിൽ സുരേഷ് ഗോപിയുടെ കേസുമായി ബന്ധപ്പെട്ട വിഷയം മറിയക്കുട്ടി ചാനൽ ചർച്ചകളിൽ ഉന്നയിച്ചിരുന്നു. കേന്ദ്രത്തിന്റെ കാശ് എവിടെ പോകുമെന്ന് താൻ ചോദിക്കുമെന്ന് മറിയക്കുട്ടി സുരേഷ് ഗോപിയോട് പറഞ്ഞു.ബിജെപിയെ കുറ്റം പറഞ്ഞ് കള്ളക്കടത്ത് നടത്തുന്നു. തനിക്ക് മഞ്ഞ കാർഡ് ഇല്ല. അത് സിപിഎംകാർക്കുള്ളതാണ്. ജനങ്ങൾക്ക് മുഖ്യമന്ത്രിയെ പേടിയാണ്. ഇതുപോലെ ഒരു മുഖ്യമന്ത്രിയെ താൻ കണ്ടിട്ടില്ല. മടുത്തിട്ടാണ് ഇക്കാര്യം പറയുന്നതെന്നും മറിയക്കുട്ടി ആരോപിച്ചു.പെട്രോൾ അടിക്കുമ്പോൾ രണ്ട് രൂപ അധികം പിരിക്കുന്നുണ്ടെന്ന് സുരേഷ് ​ഗോപി മറിയക്കുട്ടിയോട് പറഞ്ഞു. ഇത് പാവങ്ങൾക്കുള്ള പെൻഷൻ നൽകാനാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ, ഇനിയങ്ങോട്ട് ആ രണ്ട് രൂപ നൽകില്ലെന്ന് ജനങ്ങൾ തീരുമാനിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.ഇന്ത്യൻ ഓയിൽ അടക്കമുള്ള കമ്പനികൾക്ക് വിഷയം ചൂണ്ടിക്കാട്ടി കത്തെഴുതണം. ഈ സർക്കാർ വിശ്വസിക്കാനാവില്ലെന്ന് വ്യക്തമാക്കണമെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.ക്ഷേമപെൻഷൻ ലഭിക്കാൻ കാലതാമസം വന്നതിനെത്തുടർന്ന് 87കാരിയായ മറിയക്കുട്ടിയും 80കാരിയായ അന്ന ഔസേപ്പും കഴിഞ്ഞയാഴ്ചയാണ് അടിമാലിയിൽ ഭിക്ഷയാചിച്ച് സമരം ചെയ്തത്. ഇതു വലിയ വാർത്തയായതിന് പിന്നാലെ, ഇവരെ വിമർശിച്ച് സിപിഎം മുഖപത്രം രം​ഗത്തെത്തി.മറിയക്കുട്ടിക്ക് ഒന്നര ഏക്കർ സ്ഥലമുണ്ടെന്നും രണ്ട് വീടുണ്ടെന്നും അതിൽ ഒന്ന് വാടകയ്ക്ക് നൽകിയിരിക്കുകയാണെന്നും പ്രചാരണമുണ്ടായി. പെൺമക്കളായ നാലുപേരും നല്ല സാമ്പത്തിക സ്ഥിതിയിൽ കഴിയുന്നവരാണ്. ഇതിൽ ഒരാൾ വിദേശത്താണെന്നുമടക്കം പ്രചാരണം കൊഴുത്തു.എന്നാൽ, സൈബർ ആക്രമണം ശക്തമായതോടെ തന്റെ പേരിൽ ഭൂമിയില്ലെന്ന് മന്നാംങ്കണ്ടം വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് മറിയക്കുട്ടി പുറത്തുവിട്ടു. തനിക്കെതിരേ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരേ അപകീർത്തിക്കേസ് നൽകുമെന്നും അവർ വ്യക്തമാക്കി. പിന്നാലെ, വിഷയത്തിൽ പാർട്ടി മുഖപത്രം ഖേദം പ്രകടിപ്പിച്ചിരുന്നു.വ്യാജപ്രചരണത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ മറിയക്കുട്ടി ഒരുങ്ങുകയാണ്. ഭൂമിയും വീടുമുണ്ടെന്ന വ്യാജ പ്രചരണം നടത്തിയതിനെതിരെയാണ് മറിയക്കുട്ടി ഹൈക്കോടതിയെ സമീപിക്കുന്നത്. കോടതി ഇടപെട്ട് ഇത്തരം പ്രചരണങ്ങള്‍ തടയണമെന്നും കൃത്യമായി പെന്‍ഷന്‍ നല്‍കാന്‍ നടപടിയുണ്ടാകണമെന്നുമാണ് മറിയക്കുട്ടിയുടെ ആവശ്യം

Previous Post Next Post