കൊച്ചി: പൊലീസ് മർദിച്ച് നട്ടെല്ല് തകർത്തെന്ന് വിദ്യാർഥിയുടെ പരാതി. പെരുമ്പാവൂർ സ്വദേശി പാർഥിപനാണ് മർദനമേറ്റത്. പാലാ പൊലീസ് മർദിച്ചെന്നാണ് ആരോപണം. പുറത്തുപറഞ്ഞാൽ കേസിൽ കുടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്നും പാർഥിപൻ പറയുന്നു. പൊലീസ് സ്റ്റേഷനിലെ ക്യാമറ ഇല്ലാത്ത ഭാഗത്തുവച്ചാണ് മർദിച്ചതെന്നും പാർഥിപൻ ആരോപിക്കുന്നു.
29-ാം തിയതി സുഹൃത്തിനൊപ്പം കാറിൽ പോകുമ്പോഴാണ് പൊലീസ് പാർഥിപനെ വാഹനം തടഞ്ഞ് പിടികൂടിയത്. കാറിൽ ലഹരി വസ്തുക്കളുണ്ടെന്ന് പറഞ്ഞാണ് പൊലീസ് പരിശോധന നടത്തിയത്. എന്നാൽ ലഹരി വസ്തുക്കൾ കണ്ടെത്താനാവാതെ വന്നതോടെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ കൊണ്ടുപോയി മർദിക്കുകയായിരുന്നു. പ്രേംസൺ, ബിജി കെ തോമസ് എന്നീ പൊലീസുകാരാണ് മർദിച്ചതെന്നും പാർഥിപൻ പറഞ്ഞു.
അതേസമയം പാർഥിപന്റെ ആരോപണം പൊലീസ് നിഷേധിച്ചു. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിനാണ് പാർഥിപനെ പിടികൂടിയത്. പാർഥിപനെ മർദിച്ചിട്ടില്ല. പാർഥിപൻ ഓടിച്ച വാഹനത്തിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. പാർഥിപനെ പിടികൂടിയത് ട്രാഫിക് പൊലീസ് ആണെന്നും പാലാ പൊലീസ് പറഞ്ഞു