കണ്ണൂര്‍: നവ കേരള സദസിന് ഫണ്ട് അനുവദിച്ച തീരുമാനത്തില്‍ നിന്നും പിന്മാറി ശ്രീകണ്ഠാപുരം നഗരസഭ. അടിയന്തര കൗണ്‍സില്‍ ചേര്‍ന്ന് ഫണ്ട് പിന്‍വലിക്കുമെന്നും പാര്‍ട്ടി തീരുമാനം നടപ്പിലാക്കുമെന്നും നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ വി ഫിലോമിന റിപ്പോര്‍ട്ടര്‍ ടി വിയോട് പറഞ്ഞു. ഫണ്ട് നല്‍കാനുള്ള തീരുമാനത്തില്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നാലെയാണ് 50,000 രൂപ അനുവദിച്ച തീരുമാനത്തില്‍ നിന്നും പിന്മാറുന്നത്.
നവകേരള സദസ് ബഹിഷ്‌കരിക്കാന്‍ യുഡിഎഫ് തീരുമാനിച്ചതാണ്. ശ്രീകണ്ഠാപുരം നഗരസഭയും സദസ് ബഹിഷ്‌കരിക്കും. യുഡിഎഫ് സംസ്ഥാന തലത്തില്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ തുക കൊടുക്കേണ്ടതില്ല എന്നാണ് നിലപാട്. പാര്‍ട്ടി തീരുമാനം നടപ്പിലാക്കും.' കെ വി ഫിലോമിന പറഞ്ഞു.
ഫണ്ട് അനുവദിച്ചതില്‍ നഗരസഭയ്ക്ക് ജാഗ്രത കുറവുണ്ടായെന്നും തീരുമാനം പുനഃപരിശോധിക്കാന്‍ നഗരസഭ ചെയര്‍പേഴ്‌സണോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് പ്രതികരിച്ചിരുന്നു. നവകേരള സദസ് യുഡിഎഫ് ബഹിഷ്‌കരിച്ചിരിക്കെ ശ്രീകണ്ഠാപുരം നഗരസഭ 50,000 രൂപ ഫണ്ട് അനുവദിച്ചത് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു. ഒരു കൗണ്‍സിലര്‍ മാത്രമാണ് തീരുമാനത്തെ എതിര്‍ത്തിരുന്നത്. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നായിരുന്നു തുടക്കത്തില്‍ നഗരസഭ പ്രതികരിച്ചത്. പഞ്ചായത്തുകള്‍ക്ക് 50,000 രൂപ വരെയും നഗരസഭകള്‍ക്ക് ഒരു ലക്ഷം രൂപ വരെയുമാണ് അനുവദിക്കാന്‍ കഴിയുക.
നവകേരള സദസിന്റെ സംഘാടക സമിതകള്‍ക്ക് ഫണ്ട് നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് തള്ളികളയാനും ബന്ധപ്പെട്ട തദ്ദേശ സമിതികള്‍ വിളിച്ച് ചേര്‍ത്ത് സംഭാവനകള്‍ നല്‍കേണ്ടതില്ലായെന്ന് തീരുമാനിക്കാനും കഴിഞ്ഞ ദിവസമാണ് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും നിര്‍ദേശം നല്‍കിയത്. ഇതിനിടെയാണ് ശ്രീകണ്ഠാപുരം നഗരസഭയുടെ തീരുമാനം വരുന്നത്.