കോട്ടയം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ജില്ല തൂത്തുവാരി തിരുവഞ്ചൂർ വിഭാഗം. ജില്ലാ അധ്യക്ഷ സ്ഥാനവും, ജില്ലയിലെ 9 നിയോജക മണ്ഡലങ്ങളിൽ 6 നിയോജകമണ്ഡലം അധ്യക്ഷ സ്ഥാനവും വൻഭൂരിപക്ഷത്തിൽ തിരുവഞ്ചൂർ വിഭാഗം നേടി. സംസ്ഥാന കമ്മിറ്റിയിലേക്ക് കോട്ടയം ജില്ലയിൽ നിന്ന് തിരുവഞ്ചൂർ വിഭാഗത്തിന്റെ പ്രതിനിധിയായ സുബിൻ മാത്യു സംസ്ഥാനതലത്തിൽ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്.
ജില്ലാ അധ്യക്ഷ സ്ഥാനത്തേക്ക് തിരുവഞ്ചൂർ വിഭാഗത്തിന്റെ സ്ഥാനാർത്ഥിയായ ഗൗരി ശങ്കർ മുൻമന്ത്രി കെ സി ജോസഫ് ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് എന്നിവർ നയിക്കുന്ന ശിഷ്ട എ ഗ്രൂപ്പിന്റെ കൃഷ്ണകുമാറിനേക്കാൾ 1100ൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചുകയറിയത്. കോട്ടയം ജില്ലയിൽ നിന്ന് സംസ്ഥാന സമിതിയിലേക്ക് ജനറൽ സെക്രട്ടറിയായി വിജയിച്ചു കയറിയ സുബിൻ മാത്യു സംസ്ഥാനത്തു തന്നെ ഏറ്റവും അധികം വോട്ട് നേടിയ ജനറൽ സെക്രട്ടറിയാണ് (12200 വോട്ട്). ജില്ലയിലെ നിയോജകമണ്ഡലങ്ങൾ ആയ കോട്ടയം, പുതുപ്പള്ളി, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ വൈക്കം എന്നിവയാണ് തിരുവഞ്ചൂർ വിഭാഗം വിജയിച്ചത്. ഏറ്റുമാനൂരും, പാലായും ഐ വിഭാഗം വിജയിച്ചപ്പോൾ ചങ്ങനാശ്ശേരിയിൽ മാത്രമാണ് കെസി ജോസഫിന്റെ ഗ്രൂപ്പിന് വിജയിക്കാൻ സാധിച്ചത്. ത്രികോണ മത്സരം നടന്ന പാലായിൽ എ ഗ്രൂപ്പിൽ ഉണ്ടായ ഭിന്നത മുതലെടുത്ത് ഐ ഗ്രൂപ്പ് വിജയിച്ചു കയറി.
തിരുവഞ്ചൂരിന് വേണ്ടി ചുക്കാൻ പിടിച്ചത് യുവ നേതാക്കൾ
ഉമ്മൻചാണ്ടിയുടെ അഭാവത്തിൽ എ ഗ്രൂപ്പ് അണികൾ ആർക്കൊപ്പം എന്ന ചോദ്യത്തിനാണ് യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് ഉത്തരം നൽകിയിരിക്കുന്നത്. ഉമ്മൻചാണ്ടിയുടെ വിശ്വസ്തരായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനും കെ സി ജോസഫും ഇരുവിഭാഗങ്ങളിലായി നില ഉറപ്പിച്ചപ്പോൾ ആരാണ് ഉമ്മൻചാണ്ടിയുടെ യഥാർത്ഥ പിൻഗാമികൾ എന്ന ചോദ്യമായിരുന്നു പ്രസക്തം. ചാണ്ടി ഉമ്മന്റെ പിന്തുണയും തിരുവഞ്ചൂർ വിഭാഗത്തിന് ആയിരുന്നു. ചാണ്ടി നിർദ്ദേശിച്ച സ്ഥാനാർത്ഥിയെയാണ് പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ തിരുവഞ്ചൂർ വിഭാഗം മത്സരിപ്പിച്ചത്. തിരുവഞ്ചൂരിനൊപ്പം യൂത്ത് കോൺഗ്രസ് മുൻ ജില്ലാ അധ്യക്ഷൻ ചിന്റു കുര്യൻ, സംസ്ഥാന സെക്രട്ടറി സിജോ ജോസഫ് കെഎസ്‌യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യു എന്നിവർ ജില്ലയിൽ എമ്പാടും യുവജനങ്ങളെ ഏകോപിപ്പിച്ച് പോരിനിറങ്ങിയപ്പോൾ എതിർപക്ഷം നിഷ്പ്രഭരായി മാറുന്നതാണ് കണ്ടത്.
കോട്ടയം ജില്ലയിലെ രാഷ്ട്രീയ സമവാക്യങ്ങളിലെ മാറ്റം ഉണ്ടായ തിരുവഞ്ചൂർ രാധാകൃഷ്ണനെയും, അനുയായികളെയും കൂടുതൽ ശക്തരാക്കും. യൂത്ത് കോൺഗ്രസിന്റെ സ്ഥാനമൊഴിയുന്ന ജില്ലാ അധ്യക്ഷൻ ചിന്റു കുര്യൻ, മുൻ സംസ്ഥാന സെക്രട്ടറി സിജോ ജോസഫ്, കോട്ടയം ജില്ല അധ്യക്ഷൻ ഗൗരി ശങ്കർ, യൂത്ത് കോൺഗ്രസിന്റെ പുതിയ കമ്മിറ്റിയിലെ സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യു, പുതിയ കമ്മിറ്റിയിലെ സംസ്ഥാന സെക്രട്ടറി രാഹുൽ മറിയപ്പള്ളി, കോട്ടയം നിയോജകമണ്ഡലം അധ്യക്ഷ സ്ഥാനത്തേക്ക് വിജയിച്ച ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ വൈശാഖ് പി കെ എന്നിവർ കോട്ടയത്തെ കോൺഗ്രസ് യുവജന മുന്നേറ്റത്തിന് ഇനി ചുക്കാൻ പിടിക്കും.