മുംബൈ: മുംബൈ വിമാനത്താവളം തകർക്കുമെന്ന് ഭീഷണി മുഴക്കിയ മലയാളി തിരുവനന്തപുരത്ത് അറസ്റ്റിൽ. മുംബൈ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്ത പ്രതിയെ മുംബൈയിൽ എത്തിച്ച് സഹർ പോലീസിന് കൈമാറും. അറസ്റ്റിലായ വ്യക്തിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല.സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തുമെന്ന് എടിഎസ് അറിയിച്ചു. അറസ്റ്റിലായത് യുവാവ് ആണെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും സ്ഥിരീകരണം ഉണ്ടായിട്ടില്ല. മുംബൈ ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ 2 തകർക്കുമെന്ന ഭീഷണി സന്ദേശമാണ് ഇ മെയിൽ മുഖേനെ വ്യാഴാഴ്ച രാവിലെ 11 മണിയോടെ ലഭിച്ചത്.സ്‌ഫോടനം ഒഴിവാക്കാൻ 48 മണിക്കൂറിനുള്ളിൽ പത്ത് ലക്ഷം ഡോളർ ബിറ്റ്കോയിൽ നൽകണമെന്നായിരുന്നു സന്ദേശം. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ സഹാർ പോലീസ് കേസ് രജിസ്റ്റർ ചെയ്തതായി മുംബൈ പോലീസ് അറിയിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് സമാനമായി എടിഎസും അന്വേഷണം ആരംഭിച്ചു.ഇ മെയിൽ ഐഡി കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഐപി അഡ്രസ് കേന്ദ്രീകരിച്ച് എടിഎസ് ആരംഭിച്ച അന്വേഷണത്തിൽ കേരളത്തിൽ നിന്നുള്ള വ്യക്തിയാണ് ഭീഷണി സന്ദേശം ഉൾപ്പെടുന്ന മെയിൽ അയച്ചതെന്ന് കണ്ടെത്തി. ഇതിന് പിന്നാലെ എടിഎസ് സംഘം തിരുവനന്തപുരത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വിമാനത്താവളം തകർക്കുമെന്ന് ഭീഷണി; മലയാളിയുമായി എടിഎസ് മുംബൈയ്ക്ക് പറന്നു, അറസ്റ്റ് തിരുവനന്തപുരത്തെത്തി
jibin
0