മുഖപത്രത്തിലേത് സഭയുടെ രാഷ്ട്രീയ നിലപാട് അല്ല'; ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരായ വിമര്‍ശനം തള്ളി അതിരൂപത


തൃശൂര്‍: തൃശൂര്‍ അതിരൂപത മുഖപത്രമായ കത്തോലിക്കാ സഭയിലെ ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരായ വിമര്‍ശനം തള്ളി അതിരൂപത. മുഖപത്രത്തിലേത് സഭയുടെ രാഷ്ട്രീയ നിലപാട് അല്ലെന്നാണ് വിശദീകരണം. 

അല്‍മായരുടെ സംഘടനയായ കത്തോലിക്ക കോണ്‍ഗ്രസ് മണിപ്പൂര്‍ വിഷയത്തില്‍ തൃശൂര്‍ കോര്‍പ്പറേഷന് മുന്നില്‍ പ്രതിഷേധ ജ്വാല നടത്തിയിരുന്നു. പ്രതിഷേധത്തില്‍ ഉയര്‍ന്ന അഭിപ്രായമാണ് ലേഖനമായി വന്നതെന്നും വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.

അതൊരു വാര്‍ത്തയായി കാണണമെന്നും, അത് തൃശൂര്‍ അതിരൂപതയുടെ രാഷ്ട്രീയ നിലപാട് അല്ലെന്നും അതിരൂപതയുടെ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു. മറക്കില്ല മണിപ്പൂര്‍ എന്ന പേരിലാണ് കഴിഞ്ഞ ദിവസം മുഖപത്രമായ കത്തോലിക്കാസഭയില്‍ ലേഖനം വന്നത്. 

മണിപ്പൂര്‍ കലാപസമയത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനം ജനാധിപത്യബോധമുള്ളവര്‍ക്ക് മനസ്സിലാകുമെന്നും മുഖപത്രത്തിലെ ലേഖനത്തിൽ അഭിപ്രായപ്പെട്ടിരുന്നു. മണിപ്പൂരിനെ മറച്ചുപിടിച്ചുകൊണ്ടുള്ള വോട്ടുതേടലിനെതിരെ ജനം ജാഗരൂകരാണ്. മണിപ്പൂരിനെയും യുപിയേയും നോക്കിയിരിക്കേണ്ട, അവിടെ കാര്യങ്ങള്‍ നോക്കാന്‍ ആണുങ്ങളുണ്ടെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയെയും മുഖപത്രം രൂക്ഷമായി വിമര്‍ശിച്ചു. 

മണിപ്പൂര്‍ കത്തിയെരിയുമ്പോള്‍ ഈ ആണുങ്ങള്‍ എന്തെടുക്കുകയായിരുന്നു എന്ന് പ്രധാനമന്ത്രിയോട് ചോദിക്കാന്‍ ആണത്തമുണ്ടോയെന്ന് സഭാ മുഖപത്രം ചോദിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ ദുരന്തങ്ങൾ ഉണ്ടാകുമ്പോള്‍ ഓടിയെത്തുന്ന പ്രധാനമന്ത്രി മണിപ്പൂരിലേക്ക് തിരിഞ്ഞു നോക്കിയില്ലെന്നും പത്രം കുറ്റപ്പെടുത്തി. തൃശൂരില്‍ പാര്‍ട്ടിക്ക് പറ്റിയ ആണുങ്ങള്‍ ഇല്ലാത്തതു കൊണ്ടാണോ ആണാകാന്‍ തൃശൂരിലേക്ക് വരുന്നതെന്ന പരിഹാസം കൂടി സുരേഷ് ഗോപിക്കു നേരെ കത്തോലിക്ക മുഖപത്രം ഉന്നയിച്ചിരുന്നു
Previous Post Next Post