ചെന്നൈ : തമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊല. കുപ്രസിദ്ധ ഗുണ്ട കൊമ്പൻ ജഗനെ പൊലീസ് വെടിവച്ചുകൊന്നു. തിരുച്ചിറപ്പള്ളിയിൽ വച്ചാണ് സംഭവം.
കൊലപാതകം അടക്കം നിരവധി ക്രിമിനൽ കേസുകളില്‍ പ്രതിയായ കൊമ്പൻ ജഗൻ എന്ന തിരുച്ചി ജഗൻ ആണ് പട്ടാപ്പകൽ പൊലീസിന്റെ വെടിയേറ്റു മരിച്ചത്. തിരുച്ചിറപ്പള്ളിയിൽ സനമംഗലം വനത്തോട് ചേര്‍ന്ന പ്രദേശത്ത് വച്ചാണ് സംഭവം.
ജഗൻ ഒളിവിൽ കഴിയുന്നതായി അറിഞ്ഞെത്തിയ പൊലീസ് സംഘത്തിനു നേരേ പെട്രോൾ ബോംബെറിഞ്ഞെന്നും പ്രാണരക്ഷാര്‍ത്ഥം എഎസ്ഐക്ക് വെടിയുതിര്‍ക്കേണ്ടി വന്നു എന്നുമാണ് ഔദ്യോഗിക ഭാഷ്യം. ജഗന്‍റെ വെട്ടേറ്റ് കൈക്ക് പരിക്കേറ്റ എസ്ഐ വിനോദിനെ ആശുപുത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
തെറ്റ് ചെയ്യുന്നവരല്ല, തെറ്റ് തിരുത്തുന്നവരാണ് എന്ന അവകാശവാദവുമായി സാമൂഹിക മാധ്യമങ്ങളിൽ റീൽസിട്ട് ആരാധകരെ സൃഷ്ടിക്കാൻ ശ്രമിച്ചിരുന്നു ജഗൻ. കഴിഞ്ഞ മെയിൽ ജഗന് ജന്മദിനാശംസകൾ നേര്‍ന്ന് തിരുച്ചിറപ്പള്ളിയിൽ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പൊലീസ് ഇയാളെയും കൂട്ടാളികളെയും കസ്റ്റഡിയിലെടുത്തിരുന്നു.
ചെന്നൈയിൽ 2 ഗുണ്ടകള്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിൽ മദ്രാസ് ഹൈക്കോടതി സിബിസിഐഡി അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് ജഗന്‍റെ കൊല. 4 മാസത്തിനിടെ അഞ്ച് പേരാണ് സംസ്ഥാനത്ത് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരിക്കുന്നത്.