ഷാര്‍ജ: മരിച്ചതിന്ശേഷമാണ് ഉമ്മന്‍ ചാണ്ടി എന്ന രാഷ്ട്രീയ നേതാവിനെ കേരളം കൂടുതല്‍ തിരിച്ചറിഞ്ഞതെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ പറഞ്ഞു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവവേദിയില്‍ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥയായ 'കാലം സാക്ഷി' പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ചൊവ്വാഴ്ച ഉമ്മന്‍ ചാണ്ടിയുടെ എണ്‍പതാം ജന്മദിനമായിരുന്നു. ഈ ജന്മദിനത്തില്‍ അദ്ദേഹത്തെ കുറിച്ച് ഒട്ടേറെ ഓര്‍മകളാണ് പങ്കുവെയ്ക്കാനുള്ളത്. അദ്ദേഹം ആരായിരുന്നെന്നും എന്തായിരുന്നെന്നും ജനങ്ങള്‍ കൂടുതല്‍ മനസ്സിലാക്കിയ ദിവസങ്ങളാണ് കടന്നുപോയത്.
'അപ്പയുടെ ജീവിതം ജനങ്ങള്‍ക്കിടയിലായിരുന്നു, അദ്ദേഹം ഒരുപാട് പുസ്തകങ്ങളൊന്നും വായിക്കുന്ന ആളായിരുന്നില്ല. അറിവ് നേടിയത് ജനങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെയായിരുന്നു. ജീവിതാനുഭവങ്ങളിലൂടെ ലഭിച്ച അറിവ് മറ്റുള്ളവരിലേക്ക് പകര്‍ത്താനും ഉമ്മന്‍ ചാണ്ടി ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സന്ദേശം അദ്ദേഹത്തിന്റെ ജീവിതംതന്നെയായിരുന്നു. ആ ജീവിതം ഏറ്റവും മനോഹരമായി മാതൃഭൂമി പ്രസിദ്ധീകരിച്ച കാലം സാക്ഷി എന്ന ആത്മകഥയിലൂടെ സണ്ണിക്കുട്ടി എബ്രഹാം രേഖപ്പെടുത്തിയിട്ടുണ്ടെന്നും' അച്ചു ഉമ്മന്‍ വ്യക്തമാക്കി.ഉമ്മന്‍ ചാണ്ടിയുടെ ജീവിതത്തിലെ വലിയ പ്രതിസന്ധികള്‍ ആത്മകഥയില്‍ വിവരിച്ചിട്ടുണ്ട്. അത്തരം പ്രതിസന്ധികള്‍ ഇല്ലാതാക്കാന്‍ എളുപ്പവഴികള്‍ സ്വീകരിക്കാമായിരുന്നിട്ടും അത്തരം വഴികളൊന്നും ഉമ്മന്‍ ചാണ്ടി സ്വീകരിച്ചില്ലെന്നതാണ് ആ ജീവിതത്തെ വേറിട്ടുനിര്‍ത്തുന്നത്. ആദര്‍ശം വിട്ടുകൊണ്ട് ഉമ്മന്‍ ചാണ്ടി എന്ന നേതാവ് മുന്നോട്ടു പോയിരുന്നില്ല. അതായിരിക്കാം അദ്ദേഹത്തിന് ഒട്ടേറെ തിക്താനുഭവങ്ങള്‍ നേരിടേണ്ടിവന്നത്.