തൃശൂര്‍: ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച നാടിന് സമര്‍പ്പിക്കും.
വിവിധ ഭാഗങ്ങളില്‍നിന്ന് എത്തുന്ന ഏതൊരാള്‍ക്കും ഗുരുവായൂര്‍ നഗരത്തിലേക്കും ക്ഷേത്രത്തിലേക്കും ഒരു തടസ്സവും കൂടാതെ പ്രവേശിക്കാനാകുംവിധമാണ് മേല്‍പ്പാലം നിര്‍മിച്ചിരിക്കുന്നത്. രാത്രി ഏഴിന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും.
സംസ്ഥാന സര്‍ക്കാര്‍ 23 സെന്റ് ഭൂമി ഏറ്റെടുത്ത്, 2017ല്‍ കിഫ്ബി ഫണ്ടില്‍നിന്ന് 24.54 കോടി രൂപ അനുവദിച്ചാണ് റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 2017 നവംബറില്‍ റോഡ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷന്‍സ് ഓഫ് കേരള സര്‍വേ നടപടി പൂര്‍ത്തീകരിച്ചാണ് ഭൂമി ഏറ്റെടുത്തത്. തുടര്‍ന്ന് ചെന്നൈ ഐഐടിയുടെ അനുമതിയോടെ 2021 ജനുവരിയിലാണ് നിര്‍മാണം തുടങ്ങിയത്. മേല്‍പ്പാലം യാഥാര്‍ഥ്യമാകുന്നതോടെ റെയില്‍വേ ക്രോസിനു സമീപം കാലങ്ങളായി ഉണ്ടാകുന്ന ഗതാഗത തടസ്സത്തിന് വിരാമമാകും.
കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മാണം തുടങ്ങിയ കേരളത്തിലെ പത്ത് റെയില്‍വേ മേല്‍പ്പാലങ്ങളില്‍ ആദ്യം നിര്‍മാണം പൂര്‍ത്തീകരിച്ചത് ഗുരുവായൂരിലേതാണെന്ന പ്രത്യേകതയുമുണ്ട്. സ്റ്റീല്‍ കോണ്‍ക്രീറ്റ് കോമ്പോസിസ്റ്റ് സ്ട്രക്ചര്‍ മാതൃക ഉപയോഗിച്ചാണ് നിര്‍മാണം നടത്തിയത്. റോഡ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷന്‍സ് ഓഫ് കേരളയ്ക്കായിരുന്നു നിര്‍മാണച്ചുമതല. അഞ്ച് സ്പാനുകളിലായി 22 ഗര്‍ഡറുകളാണ് മേല്‍പ്പാല നിര്‍മാണത്തിന് ഉപയോഗിച്ചത്.
റെയില്‍വേ ഗേറ്റിനു മുകളിലൂടെ 517.32 മീറ്റര്‍ ദൂരത്തിലാണ് റെയില്‍വേ മേല്‍പ്പാലം. 10.15 മീറ്ററാണ് വീതി. ഗതാഗതത്തിനായി ബിഎംബിസി നിലവാരത്തില്‍ 7.5 മീറ്റര്‍ വീതിയില്‍ റോഡും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയും ഒരുക്കിയിട്ടുണ്ട്. പഴയ റോഡ് നാലുമീറ്റര്‍ വീതിയില്‍ സര്‍വീസ് റോഡായി ഉപയോഗിക്കും. മേല്‍പ്പാലത്തിനുതാഴെ പ്രഭാത സവാരി, ഓപ്പണ്‍ ജിം സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.