പ്രമുഖ ശിശുരോഗ വിദഗ്‌ധൻ ഡോ. കെ. സി. മാമ്മൻ അന്തരിച്ചു

കോട്ടയം : കോലഞ്ചേരി മെഡിക്കൽ മിഷൻ (എംഒഎസ്‌സി) ആശുപത്രി സ്‌ഥാപക മെഡിക്കൽ ഡയറക്‌ടറും, പ്രമുഖ ശിശുരോഗ വിദഗ്‌ധനുമായ ഡോ. കെ. സി. മാമ്മൻ (ബാപ്പുക്കുട്ടി- 93)  അന്തരിച്ചു.

ഭൗതികശരീരം നാളെ രാവിലെ 9 ന് കോട്ടയം കഞ്ഞിക്കുഴിയിലെ മൗണ്ട് വാർധ തയ്യിൽ കണ്ടത്തിൽ വീട്ടിൽ എത്തിക്കും. സംസ്കാരം 4 മണിക്ക് കോട്ടയം പുത്തൻ പള്ളിയിൽ.

1954 മുതൽ 58 വരെയും 1962 മുതൽ 70 വരെയും വെല്ലൂർ മെഡിക്കൽ കോളേജിലും സേവനമനുഷ്ഠിച്ച ശേഷം ,1970 മുതൽ 1988 വരെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി ഡയറക്‌ടറായി പ്രതിഫലം വാങ്ങാതെ പ്രവർത്തിച്ചു. മൾട്ടി സ്പെഷ്യാൽറ്റി ആശുപത്രിയാക്കി കോലഞ്ചേരിയെ ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു.

മലയാള മനോരമ ചീഫ് എഡിറ്ററായിരുന്ന കെ. എം. ചെറിയാന്റെയും കല്ലൂപ്പാറ മാരേട്ടു സാറാമ്മയുടെയും മകനായി 1930-ലാണ് ജനിച്ചത്. മലയാള മനോരമയുടെ മെഡിക്കൽ ഡയറക്ടറായിരുന്നു. കണ്ടത്തിൽ കുടുംബയോഗം പ്രസിഡന്റ്, തിരുവല്ല ബാലികാ മഠം സ്കൂൾ മാനേജർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
Previous Post Next Post