പാലക്കാട്: പട്ടാമ്പി കൊലപാതക കേസിൽ പൊലീസ് തെരയുന്ന യുവാവിന്റെ മൃതദേഹം ഭാരതപ്പുഴയിൽ നിന്ന് കണ്ടെത്തി. കൊണ്ടൂർക്കര സ്വദേശി കബീറിന്റെ മൃതദേഹം ആണ് കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന് കണ്ടെടുത്തത്. ഇന്നലെയാണ് പട്ടാമ്പി കരിമ്പനക്കടവിൽ അൻസാർ എന്ന യുവാവിനെ വെട്ടിക്കൊന്നത്. സംഭവത്തിൽ അൻസാറിന്റെ സുഹൃത്തായ മുസ്തഫയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കബീറിനായി തെരച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
തൃത്താല പോലീസും പട്ടാമ്പി ഫയർ ഫോഴ്സും സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ്, ഫൊറൻസിക് എന്നിവരുടെ നേതൃത്വത്തിൽ പുഴയുടെ പരിസരത്ത് പരിശോധന നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടത്. കബീറാണ് അൻസാറിനെ കൊലപ്പെടുത്തിയത് എന്നാണ് കസ്റ്റഡിയിലായ മുസ്തഫ പൊലീസിന് മൊഴി നൽകിയത്.