ചെന്നൈ: ഒരിടവേളയ്ക്ക് ശേഷം വീണ്ടും ജനവാസമേഖലയിലെത്തി അരിക്കൊമ്പൻ. അപ്പര്‍ കോതയാറില്‍ നിന്ന് മാഞ്ചോല തേയിലത്തോട്ടത്തിലെ അരിക്കൊമ്പനെ തമിഴ്നാട് വനം വകുപ്പ് ജീവനക്കാർ ഉൾവനത്തിലേക്ക് തുരത്തി. കഴിഞ്ഞദിവസമായിരുന്നു സംഭവം. അരിക്കൊമ്പനെക്കുറിച്ചുള്ള വിവരങ്ങൾ തമിഴ്നാട് പുറത്തുവിടുന്നില്ലെന്ന് സോഷ്യൽ മീഡിയയിൽ പ്രചരണങ്ങൾ നടക്കുന്നതിനിടെയാണ് ആന വീണ്ടും ജനവാസമേഖലയിലേക്കെത്തിയത്. ഇതോടെ അരിക്കൊമ്പനെ നിരീക്ഷിക്കുന്നത് വനം വകുപ്പ് ശക്തിപ്പെടുത്തി.അരിക്കൊമ്പൻ ജനവാസേമേഖല ലക്ഷ്യമാക്കിയെത്തിയതോടെ ആന വീണ്ടും പ്രശ്നം ഉണ്ടാക്കുമോയെന്ന ആശങ്കയിലായിരുന്നു കലൈക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലെ ജനങ്ങൾ. എന്നാൽ ആന തിരികെ അപ്പർ കോതയാറിലേക്ക് പോയതോടെ ആശങ്കകൾ അവസാനിച്ചു. അപ്പർ കോതയാറിൽനിന്ന് 15 കിലോമീറ്റർ സഞ്ചരിച്ചാണ് ആന ഇവിടേക്കെത്തിയത്. റേഡിയോ കോളർ വിവരങ്ങൾ പരിശോധിച്ച് വനം വകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.തമിഴ്നാട് വൈൽഡ് ലൈഫ് ടാസ്ക് ഫോഴ്സിലെ 25 അംഗ സംഘമാണ് നിലവിൽ അരിക്കൊമ്പനെ നിരിക്ഷിക്കുന്നത്. നിലവിൽ അപ്പർ കോതയാറിൽ നിന്ന് ആറ് കിലോമീറ്റർ അകലെയാണ് അരിക്കൊമ്പനുള്ളത്. വീണ്ടും ജനവാസ മേഖലയിലിറങ്ങിയതോടെ അരിക്കൊമ്പനെ നിരീക്ഷിക്കുന്നത് വനംവകുപ്പ് ശക്തിപ്പെടുത്തിയിട്ടുണ്ട്. നേരത്തെയുണ്ടായിരുന്ന ജീവനക്കാരുടെ എണ്ണം ആറില്‍ നിന്ന് 25 ആക്കിയത് ഈയടുത്താണ്.
തമിഴ്‌നാടിന് പുറമെ കേരളവും അരിക്കൊമ്പനെ നിരീക്ഷിക്കുന്നത് തുടരുകയാണ്. കഴിഞ്ഞ മെയ് മാസത്തിലാണ് അരിക്കൊമ്പനെ പിടികൂടി മുണ്ടന്‍തുറൈ കടുവാസങ്കേതത്തിലേക്ക് മാറ്റിയത്. ചിന്നക്കനാലിൽ നിന്നും പിടികൂടിയ ആനയെ ആദ്യം പെരിയാർ കടുവാ സങ്കേതത്തിലേക്കും പിന്നീട് തമിഴ്നാട് കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലേക്കും കൊണ്ടുപോവുകയായിരുന്നു.അപ്പർ കോതയാറിൽനിന്ന് പലതവണ ആന ജനവാസമേഖലയായ മാഞ്ചോല എസ്‌റ്റേറ്റില്‍ എത്തിയിരുന്നെങ്കിലും ആരെയും ഉപദ്രവിച്ചിരുന്നില്ല. അതേസമയം അരിക്കൊമ്പന്‍റെ ചിത്രങ്ങളും വിവരങ്ങളും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റസ് ഫോർ അരിക്കൊമ്പൻ ( #JusticeForArikomban) ക്യാംപെയ്ൻ സോഷ്യൽ മീഡിയയിൽ ശക്തമാണ്.അരിക്കൊമ്പനെ തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറയിറ്റിന് മുന്നിൽ ഉൾപ്പെടെ പ്രതിഷേധ സമരങ്ങളും നടന്നുവരുന്നുണ്ട്. സേവ് അരിക്കൊമ്പൻ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് അരിക്കൊമ്പന് വേണ്ടിയുള്ള ഈ പോരാട്ടങ്ങൾ.