ചെന്നൈ: തമിഴ്നാട്ടിലെ ട്രിച്ചിയില്‍ ബൈക്കില്‍ പടക്കം പൊട്ടിച്ച് അഭ്യാസം നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. രാജേഷ് (21), ഹുസൈന്‍ (24), എസ്. അജയ് എന്നിവരാണ് പിടിയിലായത്. അഭ്യാസത്തിന് ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തു.
വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. തിരുച്ചിറപ്പള്ളി-ചിദംബരം ദേശീപാതയിലായിരുന്നു അപകടകരമായ രീതിയില്‍ അഭ്യാസപ്രകടനം
യുവാക്കള്‍ മോട്ടോര്‍ ബൈക്കില്‍ പടക്കം ഘടിപ്പിക്കുകയും പിന്നീട് റോഡില്‍ അഭ്യാസം നടത്തുന്നതിനിടെ പടക്കങ്ങള്‍ മുകളിലോട്ട് പോയി പൊട്ടുന്നതുമാണ് വീഡിയോയില്‍. ഡെവിള്‍ റൈഡര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ അപ് ലോഡ് ചെയ്തത്. ഇന്‍സ്റ്റഗ്രാം ഉടമയെ പോലീസ് ട്രാക്ക് ചെയ്താണ് ബൈക്ക് ഉടമയെ കണ്ടെത്തിയത്.
അശ്രദ്ധമായി വാഹനം ഓടിക്കല്‍, സ്ഫോടക വസ്തുക്കളുമായി ബന്ധപ്പെട്ട അശ്രദ്ധമായ പെരുമാറ്റം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.