ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബനിയനും തോര്‍ത്തുമുടുത്ത് ഡ്യൂട്ടിക്കെത്തിയ സബ് ഇന്‍സ്പെക്ടര്‍ക്ക് ട്രാന്‍സ്ഫര്‍. പൊലീസ് സ്റ്റേഷനില്‍ ബനിയനും തോര്‍ത്തുമുടുത്ത് പൊലീസുകാരന്‍ പരാതി കേള്‍ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
കൊഖ്രാജ് പൊലീസ് സ്റ്റേഷനു കീഴിലുള്ള സിന്ധ്യ ഔട്ട്പോസ്റ്റിന്റെ ചുമതലയുള്ള എസ്ഐ രാം നരേന്‍ സിംഗിനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് എസ്.പി ബ്രിജേഷ് കുമാര്‍ ശ്രീവാസ്തവ പറഞ്ഞു.
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവം അന്വേഷിക്കുമെന്നും വിഷയം സിറത്തു സര്‍ക്കിള്‍ ഓഫീസര്‍ അവധേഷ് വിശ്വകര്‍മയ്ക്ക് കൈമാറിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.