കറുകച്ചാൽ ഗ്രാമപഞ്ചായത്തിലെ കാരയ്ക്കാട്ടുകുന്ന് കുടിവെള്ള പദ്ധതി സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. പട്ടികജാതി വികസന വകുപ്പിൽനിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. വാഴൂർ ബ്ലോക്ക് പഞ്ചായത്ത്, കറുകച്ചാൽ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് നിർമാണം.
പദ്ധതി പൂർത്തിയായതോടെ പ്രദേശത്തെ 45 കുടുംബങ്ങൾക്ക് കുടിവെള്ളം ലഭിക്കും.കറുകച്ചാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജിഷ കിരൺ അധ്യക്ഷ്യം വഹിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, കറുകച്ചാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. ബിജു കുമാർ, ഗ്രാമപഞ്ചായത്തംഗം സുജാത രജി,
ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.പി. ബാലഗോപാലൻ നായർ, മുൻ ഗ്രാമപഞ്ചായത്തംഗം കെ. ജയപ്രസാദ്, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസർ എസ്. അഞ്ജു, എ.ഇ. ബിജി ചാക്കോ, കുടിവെള്ള പദ്ധതി കൺവീനർ കെ.കെ. തങ്കപ്പൻ എന്നിവർ പങ്കെടുത്തു.