തൃശ്ശൂർ : വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ വച്ച് മർദ്ദനമേറ്റെന്ന പരാതിയുമായി ടിപി കേസിലെ പ്രതി കൊടി സുനി. മുളകുപൊടിയെറിഞ്ഞ് ജയിൽ ജീവനക്കാർ ആക്രമിച്ചുവെന്നാണ് പരാതി. നിലവിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ഇയാൾ.
ഉറങ്ങിക്കിടക്കുമ്പോൾ ആക്രമിക്കുകയായിരുന്നുവെന്നാണ് കൊടി സുനി പറയുന്നത്. ഉറങ്ങുന്ന സമയത്ത് സെല്ലിൽ എത്തിയ ജയിൽ ജീവനക്കാർ മുഖത്ത് മുളകുപൊടി എറിയുകയായിരുന്നു. തുടർന്ന് മർദ്ദിച്ചുവെന്നും സുനി പറയുന്നു. ഇതിന് പിന്നാലെ ശാരീരിക അവശതകൾ ഉണ്ടെന്ന് സുനി പോലീസിനെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിൽ പോലീസ് ഇന്ന് ഇയാളുടെ മൊഴിയെടുക്കും.
കഴിഞ്ഞ ദിവസം സുനിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം ഓഫീസിലേക്ക് അതിക്രമിച്ച് കയറുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജയിൽ ജീവനക്കാർ മർദ്ദിച്ചുവെന്ന് ഇയാൾ പരാതി ഉന്നയിക്കുന്നത്. സംഭവത്തിൽ ഇയാൾ ഉൾപ്പെടെ 10 പേർക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. വധ ശ്രമം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. സംഭവത്തിൽ അഞ്ചാം പ്രതിയാണ് കൊടി സുനി.