സംസ്ഥാനത്ത് ധൂര്‍ത്ത്; പെന്‍ഷന്‍ നല്‍കാന്‍ കാശില്ലാത്തപ്പോഴും സ്വിമ്മിംഗ് പൂള്‍ നിര്‍മ്മിക്കുന്നു; സര്‍ക്കാരിനെതിരെ ഗവര്‍ണര്‍


തിരുവനന്തപുരം: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാനത്ത് ധൂര്‍ത്താണ് നടക്കുന്നത്. പണം അനാവശ്യമായി പാഴാക്കുന്നു. ജനങ്ങളുടെ പണം ഉപയോഗിച്ച് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി സ്വിമ്മിംഗ് പൂള്‍ നിര്‍മ്മിക്കുന്നു. അതേസമയം പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാരിന് കാശില്ലെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. 

ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുന്ന ഗവര്‍ണറുടെ നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ആരിഫ് മുഹമ്മദ് ഖാന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. സര്‍ക്കാര്‍ ഗവര്‍ണറെ കാര്യങ്ങള്‍ അറിയിക്കുന്നില്ല. എല്ലാ ഭരണഘടനാ സീമകളും സര്‍ക്കാര്‍ ലംഘിക്കുകയാണ്. 

സർവ്വകലാശാല ബില്ല് പാസാക്കുന്നതിന് മുമ്പ് ഗവർണറുടെ അനുമതി വാങ്ങണമായിരുന്നു.ധനബില്ലാണ്. അതിൽ പാലിക്കേണ്ട ഉത്തരവാദിത്വങ്ങൾ സർക്കാർ ചെയ്തില്ല. മുഖ്യമന്ത്രിയാണ് ബില്ലിനെ കുറിച്ച് വിശദീകരിക്കാൻ വരേണ്ടത്. അതുണ്ടായില്ല. മുഖ്യമന്ത്രി നേരിട്ടെത്തി വിശദീകരിക്കാതെ ബില്ലിൽ തന്‍റെ നിലപാടിൽ മാറ്റമില്ലെന്നും ഗവർണർ പറഞ്ഞു

കടുത്ത സാമ്പത്തിക പ്രതിസന്ധിയിരിക്കുമ്പോഴും സംസ്ഥാനത്ത് ധൂർത്താണ് നടക്കുന്നത്. സാമ്പത്തികമായി തകർന്നു നിൽക്കുന്നവെന്ന് സർക്കാർ തന്നെ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ച നടപടിയെ ഗവർണർ സ്വാഗതം ചെയ്തു.

ഭരണ ഘടനാ പരമായി എന്തെങ്കിലും സംശയമുണ്ടങ്കിൽ ആർക്കു വേണമെങ്കിലും സുപ്രീം കോടതിയെ സമീപിക്കാം. സുപ്രീം കോടതിയുടെ നോട്ടീസ് ലഭിച്ചാൽ താൻ മറുപടി പറയും. തന്‍റെ ഉത്തരവാദിത്വക്കുറിച്ച് മറുപടി നൽകും. ഗവർണറും നിയമസഭയുടെ ഭാഗമാണ്. സർക്കാർ ആരോപണങ്ങൾക്ക് മാധ്യമങ്ങളിൽ മറുപടി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Previous Post Next Post