ആടിനെയും നായയെയും കൊണ്ടുപോകുന്ന അജ്ഞാതജീവി, കോളനിക്കാർക്ക് ഭയം; പിടികിട്ടാതെ വനം വകുപ്പും



മലപ്പുറം: ഓടക്കയം ഈന്തുംപാലി കോളനിയിൽ അജ്ഞാതജീവിയുടെ ആക്രമണത്തിൽ 12 ഓളം വളർത്തുമൃഗങ്ങൾക്ക് ജീവൻ നഷ്ടമായി. ഒരിടവേളക്കുശേഷമാണ് മേഖലയിൽ വീണ്ടും അജ്ഞാതജീവിയുടെ ആക്രമണം ഉണ്ടാകുന്നത്. തിങ്കളാഴ്ച മുതലാണ് അജ്ഞാതജീവിയുടെ സാന്നിധ്യം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. ഇതോടെ കോളനി നിവാസികൾ ആശങ്കയിലാണ്.കോളനിയിൽനിന്ന് ഇതുവരെ ആറ് ആടിനെയും അഞ്ചു വളർത്തുനായയെയുമാണ് അജ്ഞാതജീവി പിടിച്ചുകൊണ്ടുപോയത്. പകൽ സമയങ്ങളിലും വൈകുന്നേരങ്ങളിലുമാണ് തീറ്റ തേടിയിറങ്ങുന്ന ആടുകളെ കൊണ്ടുപോകുന്നത്. രാത്രിയിൽ കോളനിയിലെ വീടുകളുടെ മുറ്റത്തുനിന്നാണ് നായ്ക്കളെ കൊണ്ടുപോകുന്നതെന്ന് നാട്ടുകാർ പറഞ്ഞു.കോളനിക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് നിലമ്പൂരിൽനിന്ന് വനം ആർആർടി സംഘം സ്ഥലത്തെത്തി പരിശോധന നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. എന്നാൽ എന്ത് ജീവിയാണ് കോളനിയിൽ എത്തിയതെന്ന് ഇവർക്കും കണ്ടെത്താൻ സാധിച്ചില്ല. പ്രദേശത്ത് ക്യാമറ സ്ഥാപിച്ചു ജീവിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വനം വകുപ്പ്. ജീവിയെ തിരിച്ചറിഞ്ഞശേഷം കൂടുവെച്ച് പിടികൂടുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശനത്തിനുശേഷം പറഞ്ഞു.ഏകദേശം ഒരു വർഷമായി കോളനിയിൽ അജ്ഞാതജീവിയുടെ സാന്നിധ്യമുണ്ട്. വീണ്ടും അജ്ഞാതജീവി എത്തിയത് നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ടെന്ന് വാർഡ് അംഗം പിഎസ് ജിനേഷ് പറഞ്ഞു. വാഹനസൗകര്യം ഇല്ലാത്തതിനാൽ കുട്ടികളെ ഒറ്റയ്ക്ക് സ്കൂളിലേക്ക് വിടാൻ രക്ഷിതാക്കൾക്കും ഭയമാണ്. വനം വകുപ്പ് അടിയന്തരമായി ഇടപ്പെട്ട് അജ്ഞാത ജീവിയെ പിടികൂടാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മേഖലയിൽ എത്തിയത് പുലിയാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സംശയം. കാട്ടാന, കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യജീവികളുടെ ശല്യം ഓടക്കയത്ത് രൂക്ഷമാണ്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സിവി സുരേന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ വിസി രജീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഷൈലജ മുപ്പാലി, ഫോറസ്റ്റ് വാച്ചർ എകെ അബ്ബാസ്, സെഷൻ ഫോറസ്റ്റ് ഓഫീസർ ജോസ്മോൻ, ബിഎഫ്ഒ പിഎ കരീം, ഡ്രൈവർ വിശ്വനാഥൻ, എന്നീ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. കെ ഹരിദാസ്, റോയി കുറ്റിപ്പുവ്വത്തിങ്കൽ, കെ രാജേഷ്, ജിജോ കല്ലുകുഴിയിൽ എന്നിവർ നേതൃത്വം നൽകി.

Previous Post Next Post