പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് നേതാവിനും പിതാവിനും വെട്ടേറ്റു


പത്തനംതിട്ട : റാന്നിയിൽ യൂത്ത് കോൺഗ്രസ് നേതാവിനും പിതാവിനും വെട്ടേറ്റു. യൂത്ത് കോൺഗ്രസ് റാന്നി നിയോജകമണ്ഡലം സെക്രട്ടറി സുനിൽ കിഴക്കേ ചിറയിൽ, പിതാവ് സുകുമാരൻ എന്നിവർക്കാണ് തലയിൽ വെട്ടേറ്റത്. രാത്രി 8.40നാണ് സംഭവം. റാന്നി പൊന്നമ്പാറയിൽ വീടിനു സമീപം വെച്ചാണ് വെട്ടേറ്റത്. സുനിലിനെയും പിതാവ് സുകുമാരനേയും റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്ക് ഗുരുതരമായതിനാൽ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അയൽവാസി പ്രസാദാണ് ഇരുവരേയും വെട്ടിയതെന്ന് പൊലീസ് അറിയിച്ചു. പെരുനാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രസാദ് ഒളിവിലാണ്. കൊലക്കേസിൽ പ്രതിയായിട്ടുള്ള ആളാണ് പ്രസാദ്. പത്തനംതിട്ട മാമ്പാറയിൽ ബന്ധുവിനെ കൊലപ്പെടുത്തിയ കേസിലാണ് പ്രസാദ് പ്രതിയായിരുന്നത്. കേസിൽ കോടതി ഇയാളെ വെറുതെ വിട്ടിരുന്നു. പ്രസാദിനായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പെരുന്നാട് പൊലീസ് അറിയിച്ചു.
Previous Post Next Post