എറണാകുളം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുൻ പ്രസിഡന്റ് ഭാസുരാംഗനെ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ എറണാകുളം ജയിലില്‍ വച്ചാണ് ഭാസുരാംഗന്‍റെ ആരോഗ്യനില മോശമായത്. ജയിലിലെ ഡോക്ടര്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇന്നലെ ഭാസുരാംഗന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കോടതിയെ ധരിപ്പിക്കുകയും റിമാന്റ് ഒഴിവാക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ഇഡി ഇത് എതിർത്തു. തുടർന്ന് ശരീരിക അസ്വസ്തതകൾ പ്രകടിപ്പിക്കുന്ന പക്ഷം മതിയായ ചികിത്സകൾ ഉറപ്പാക്കണമെന്ന് ജയിൽ സൂപ്രണ്ടിന് കോടതി നിർദേശം നൽകുകയായിരുന്നു. ഇതിന് ശേഷമാണ് ഭാസുരാംഗനെ കോടതി റിമാന്റ് ചെയ്തത്.
അതേസമയം, ഭാസുരാംഗന്‍റെ വീട്ടിൽ ഇഡി പരിശോധന തുടങ്ങി. തിരുവനന്തപുരം മാറനെല്ലൂരിലെ വീട്ടിലാണ് പരിശോധന നടത്തുന്നത്. ഇന്ന് ഉച്ചയോടെയാണ് വീട്ടില്‍ പരിശോധന ആരംഭിച്ചത്. നേരത്തെ പരിശോധന പൂര്‍ത്തിയാക്കി ഈ വീട് ഇഡി സീല്‍ ചെയ്തിരുന്നു.