തിരുവനന്തപുരം: കൊല്ലം- ചെങ്കോട്ട പാതയിൽ ശബരിമല സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് ദക്ഷിണ മേഖല റെയിൽവെ പ്രത്യേക ട്രെയിൻ അനുവദിച്ചത്. ഈ മാസം 30 മുതൽ എറണാകുളം - കാരക്കുടി (നമ്പർ 06019), കാരക്കുടി - എറണാകുളം (06020) പ്രതിവാര സ്പെഷ്യൽ സർവീസുകളാണ് തുടങ്ങുക. ഡിസംബറിലെ അഞ്ച് വ്യാഴാഴ്ചകളിലാണ് സർവീസ് നടത്തുക.എറണാകുളത്ത് നിന്ന് യാത്ര തിരിക്കുന്ന ട്രെയിൻ കോട്ടയം വഴി കൊല്ലത്തെത്തി പുനലൂർ, ചെങ്കോട്ട, തെങ്കാശി, വിരുതനഗർ, മാനാമധുര വഴി കാരക്കുടിയിൽ സർവീസ് അവസാനിപ്പിക്കും. റിസർവേഷൻ ടിക്കറ്റിന് സാധാരണ ട്രെയിൻ ടിക്കറ്റിനേക്കാൾ 1.3 ശതമാനം അധികം നിരക്ക് ഈടാക്കും. ജനറൽ കോച്ചുകളിൽ മിനിമം ടിക്കറ്റ് ചാർജ് 45 രൂപയാണ്.മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ശബരിമലയിലേക്ക് എത്തുന്ന തീർത്ഥാടകർക്ക് പുതിയ സർവീസ് പ്രയോജനപ്പെടില്ലെന്നുള്ള ആക്ഷേപവും ഉയർന്നിട്ടുണ്ട്. തമിഴ്നാട്ടിലെ കാരക്കുടി ഒരു പ്രധാന സ്റ്റേഷൻ അല്ലെന്നതാണ് പ്രധാനമായിട്ട് ഉയരുന്ന പ്രതിഷേധത്തിന് കാരണം.
തെലുങ്കാന, ആന്ധ്ര, കർണാടക തുടങ്ങിയ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ തിർഥാടകർ ശബരിമലയ്ക്കു പോകാൻ ചെന്നൈ റെയിൽവേ സ്റ്റേഷൻ തെരഞ്ഞെടുക്കാറുണ്ട്. അതിനാൽ തന്നെ, കഴിഞ്ഞ വർഷം ശബരിമല സ്പെഷ്യൽ ട്രെയിൻ അനുവദിച്ച എറണാകുളം - താംബരം (ചെന്നൈ) എക്സ്പ്രസ് വേണമെന്നാണ് യാത്രക്കാർ ആവശ്യപ്പെട്ടിരുന്നത്.കാരക്കുടിക്ക് പകരം തിരുച്ചിറപ്പള്ളി, രാമേശ്വരം സ്റ്റേഷനിലേക്ക് സർവീസ് ആരംഭിച്ചാലും യാത്രക്കാർക്ക് ഗുണം ചെയ്തേനെ എന്നും യാത്രക്കാർ പറയുന്നു. കാരക്കുടിയിൽ നിന്നു രാമേശ്വരത്തിന് പോകാമെന്നതാണ് ഏകനേട്ടം.നേരത്തെ തെലങ്കാനയിൽ നിന്നും രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചിരുന്നു. സെക്കന്ദരാബാദ് - കൊല്ലം, നർസപുർ- കോട്ടയം എന്നീ ട്രെയിനുകളാണ് സർവീസ് തുടങ്ങിയിരിക്കുന്നത്.