മാദ്ധ്യമ പ്രവർത്തകർ പോരാളി ഷാജിമാരുടെ നിലവാരത്തിലേക്ക് തരംതാഴരുത്; അത് അന്തസ്സിന് ചേർന്ന പണിയല്ല; ഡോ. അരുൺ കുമാറിനെ വിമർശിച്ച് കെ. സുരേന്ദ്രൻ


തിരുവനന്തപുരം : മാദ്ധ്യമ പ്രവർത്തകൻ ഡോ. അരുൺ കുമാറിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മാദ്ധ്യമ പ്രവർത്തകർ പോരാളി ഷാജിമാരുടെ നിലവാരത്തിലേക്ക് തരംതാഴരുതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെ ആയിരുന്നു സുരേന്ദ്രൻ വിമർശനവുമായി രംഗത്ത് എത്തിയത്.

രാജ്ഭവനുമായി ബന്ധപ്പെട്ട് അരുൺ കുമാർ നടത്തിയ പരാമർശത്തിലാണ് നടപടി. കുമ്മനടിച്ച് കയറുന്ന വൃദ്ധദാസൻമാരുടെ പടുകൂറ്റൻ ബംഗ്ലാവുകളായി രാജ്ഭവൻ മാറിയിട്ട് കാലങ്ങൾ ഏറെ ആയി എന്നായിരുന്നു അരുൺ കുമാറിന്റെ പരാമർശം. മീറ്റ് ദി എഡിറ്റേഴ്‌സ് പരിപാടിയിൽ നടത്തിയ പരാമർശം മാദ്ധ്യമം ഓൺലൈൻ വാർത്തയായി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതിലാണ് സുരേന്ദ്രന്റെ വിമർശനം.

ഇത്തരം തറ ട്രോളുകൾ മാദ്ധ്യമപ്രവർത്തകർ വിളമ്പുകയും അത് പിന്നീട് പോസ്റ്ററായി അടിച്ചിറക്കുകയും ചെയ്യുന്നത് ശുദ്ധ പോക്രിത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരവാദപ്പെട്ട മാദ്ധ്യമങ്ങളുടെ അന്തസ്സിനു ചേർന്ന പണിയല്ലിതെന്ന് പറയാതെ നിർവ്വാഹമില്ല. അത്തരക്കാരെ മാദ്ധ്യമപ്രവർത്തകരായി കാണാനാവില്ല. വെറും പോരാളി ഷാജിമാരുടെ നിലവാരത്തിലേക്ക് മാദ്ധ്യമപ്രവർത്തകർ തരംതാഴരുത്. ഉള്ളിലുള്ള തറ കമ്മിത്തരം വീട്ടിൽവെച്ചിട്ടുവേണം ഈ പണിക്കിറങ്ങാനെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
Previous Post Next Post