ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ വൻ സ്വർണവേട്ട; ഒരാൾ അറസ്റ്റിൽ



ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ സ്വർണ കള്ളക്കടത്ത് ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. അനധികൃതമായി കടത്താൻ ശ്രമിച്ച 56.5 ലക്ഷം രൂപ വിലമതിക്കുന്ന എട്ട് സ്വർണ ബിസ്‌ക്കറ്റുകൾ കണ്ടെടുത്തു. സംഭവത്തിൽ ഒരാളെ ബിഎസ്എഫ് അറസ്റ്റ് ചെയ്തു.പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയോട് ചേർന്നുള്ള ഔട്ട്‌പോസ്‌റ്റ് വഴിയാണ് സ്വർണക്കടത്ത് ശ്രമം നടന്നത്. ബംഗ്ലാദേശ് ഭാഗത്ത് നിന്നുള്ള ഒരാൾ വേലിക്ക് മുകളിലൂടെ ഒരു പാക്കറ്റ് ഇന്ത്യയുടെ ഭാഗത്തേക്ക് വലിച്ചെറിഞ്ഞ ശേഷം ഓടിപോകുന്നത് ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതേത്തുടർന്നാണ് പട്രോളിംഗ് സംഘത്തെ വിവരമറിയിച്ചത്.

പാക്കറ്റ് പരിശോധിച്ചപ്പോൾ എട്ട് സ്വർണ ബിസ്‌ക്കറ്റുകളും മൊബൈൽ ഫോണും കണ്ടെടുത്തു. തുടർന്ന് പാക്കറ്റ് എടുക്കാൻ വരുന്നയാളെ പിടികൂടാൻ ഉദ്യോഗസ്ഥർ കെണിയൊരുക്കി. ഓപ്പറേഷനിൽ ഒരു ഇന്ത്യൻ പൗരനെയാണ് ബിഎസ്എഫ് പിടികൂടിയതെന്നാണ് വിവരം. ചോദ്യം ചെയ്യലിൽ, സിറാജുല്ല ഷെയ്ഖ് എന്ന ബംഗ്ലാദേശ് പൗരനിൽ നിന്നാണ് താൻ സ്വർണ്ണ ബിസ്‌ക്കറ്റ് വാങ്ങിയതെന്ന് അറസ്റ്റിലായ ഗൗതം റായ് ബിഎസ്‌എഫിനോട് പറഞ്ഞു.

പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ മറ്റൊരാൾക്ക് സ്വർണ ബിസ്‌ക്കറ്റുകൾ കൈമാറേണ്ടതായിരുന്നുവെന്നും അറസ്റ്റിലായ പ്രതി മൊഴി നൽകി. ചോദ്യം ചെയ്യലിനുശേഷം റായിയെ കൂടുതൽ നിയമനടപടികൾക്കായി പിടിച്ചെടുത്ത സ്വർണ ബിസ്‌ക്കറ്റുകൾ സഹിതം ചപ്രയിലെ കസ്റ്റംസ് ഓഫീസിൽ ഏൽപ്പിച്ചു. സെപ്റ്റംബറിൽ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് 8.50 കോടി രൂപയുടെ സ്വർണം ബിഎസ്എഫ് പിടികൂടുകയും രണ്ട് കള്ളക്കടത്തുകാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Previous Post Next Post