ഗുരുവായൂർ ഏകാദശി: അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ



 തൃശൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏകദേശി ആഘോഷം പ്രമാണിച്ച് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഈ മാസം 23ന് ചാവക്കാട് താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്കും കേന്ദ്ര - സംസ്ഥാന അർധസർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു.പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ഈ മാസം 23നാണ് കൊണ്ടാടുന്നത്. വൃശ്ചിമാസത്തിലെ വെളുത്ത ഏകാദശി ദിവസമാണ് ഗുരുവായൂർ ഏകാദശിയായി ആചരിച്ചുവരുന്നത്. ഗുരുവായൂരിലെ പ്രതിഷ്ഠാദിനം കൂടിയാണിത്. ഈ ദിവസം ഗുരുവായൂർ ക്ഷേത്ര ദർശനം ഉത്തമമാണെന്നാണ് വിശ്വാസം. കൂടാതെ, ഗുരുവായൂർ ഏകാദശി വ്രതവും പ്രധാനമാണ്. സാമ്പത്തിക നേട്ടം, ഐശ്വര്യം, മനശാന്തി, രോഗശാന്തി തുടങ്ങിയ നേട്ടങ്ങൾ ഏകാദശി വ്രതാനുഷ്ഠാനത്തിലൂടെ ലഭിക്കുമെന്നാണ് വിശ്വാസം.

ഏകാദശി നാളിലെ ഗുരുവായൂർ ക്ഷേത്ര നിർമാല്യദർശനം അതിവിശേഷമുള്ളതാണെന്നാണ് വിശ്വാസം. ഈ ദിവസം നടത്തുന്ന ചുറ്റുവിളക്ക്, ഉദയാസ്തമനപൂജ എന്നിവ ഗുരുവായൂർ ദേവസ്വം ബോർഡിൻ്റെ വകയാണ്. രാവിലെ ഏഴുമണിക്ക് ക്ഷേത്ര കൂത്തമ്പലത്തിൽ ഗീതാപാരായണം ആരംഭിക്കും.രാവിലത്തെ കാഴ്ചശീവേലിക്ക് ശേഷം ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർഥസാരഥി ക്ഷേത്രത്തിലേയ്ക്ക് പഞ്ചവാദ്യത്തോടുകൂടി എഴുന്നള്ളിപ്പ് നടക്കും. മൂന്ന് ആനകൾ എഴുന്നള്ളിപ്പിന് മുന്നിലുണ്ടാകും. വൈകീട്ട് പാർഥസാരഥി ക്ഷേത്രത്തിൽനിന്ന് രഥമെഴുന്നള്ളിപ്പ് ഉണ്ടാകും. ക്ഷേത്രത്തെ കുളമടക്കം വലംവെച്ച് എഴുന്നള്ളിപ്പ് അവസാനിക്കും. ഏകാദശിനാളിൽ ഗുരുവായൂരിൽ എത്തുന്ന ഭക്തർക്കായി വിശേഷാൽ പ്രസാദമൂട്ടുണ്ട്. ഏകാദശിക്കു മുന്നോടിയായുള്ള ചെമ്പൈ സംഗീതോത്സവം ക്ഷേത്രത്തിൽ ആരംഭിച്ചു.
Previous Post Next Post