മുണ്ടക്കയത്തെ ബാറിനുള്ളിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.



 മുണ്ടക്കയം:  ബാറിനുള്ളിൽ വച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം കരിനിലം പുതുപ്പറമ്പിൽ വീട്ടിൽ ക്രിമിനൽ ജയൻ എന്ന് വിളിക്കുന്ന ജയപ്രകാശ്(45), കാസർഗോഡ് പാണത്തൂർ ഭാഗത്ത് വലിയപറമ്പിൽ വീട്ടിൽ റഷീദ് റ്റി.എസ് (34) എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം മുണ്ടക്കയത്തുള്ള ബാർ ഹോട്ടലിൽ വച്ച് യുവാവിനെ ആക്രമിച്ച്  കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ബാറിനുള്ളിലെ ലൈറ്റിനെ സംബന്ധിച്ച് യുവാവ് കമന്റ് പറയുകയും ഇത് ഇഷ്ടപ്പെടാതിരുന്ന ഇവർ യുവാവിനെ സോഡാ കുപ്പി കൊണ്ട്  ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കൂടാതെ ബാറിലെ കസേരകളും സോഡാകുപ്പികളും തകർത്ത് ഇവിടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയുമായിരുന്നു. പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിൽ ഇരുവരെയും പിടികൂടുകയുമായിരുന്നു. മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ ഷൈൻകുമാർ എ, എസ്.ഐ വിപിൻ കെ.വി, സി.പി.ഓ  റഫീഖ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ജയപ്രകാശ് മുണ്ടക്കയം സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്.കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Previous Post Next Post