ചെന്നൈ : സ്ത്രീവിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് നടൻ മൻസൂർ അലി ഖാൻ. പൊലീസിന്റെ മുന്നിലാണ് നടന്റെ ഖേദപ്രകടനം. നടി തൃഷ അടക്കമുള്ളവരെ ബന്ധപ്പെടുത്തി താൻ നടത്തിയ പരാമർശം അവർക്ക് വേദനയുണ്ടാക്കിയതിൽ ഖേദിക്കുന്നുവെന്നാണ് നടൻ പൊലീസിന് നൽകിയ മോഴി. ഇന്നാലെയാണ് തൗസന്റ് ലൈറ്റ്‌സ് വനിതാ പോലീസ് സ്റ്റേഷനിൽ മൻസൂർ അലിഖാൻ ചോദ്യം ചെയ്യലിന് ഹാജരായത്.
ലിയോ’ എന്ന ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ തൃഷ അടക്കമുള്ള തമിഴ്നടിമാരെ ബന്ധപ്പെടുത്തി നടത്തിയ പരാമർശമാണ് കേസിനടിസ്ഥാനം. തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്ന് പ്രതികരിച്ച അലിഖാൻ, ഒരിക്കലും മാപ്പുപറയില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇപ്പോൾ ഖേദപ്രകടനത്തിന് തയ്യാറാകുകയായിരുന്നു. ഇതിനിടെ മുൻകൂർ ജാമ്യംതേടി സമർപ്പിച്ച ഹർജി വാദം കേൾക്കുന്നതിനുമുമ്പ് പിൻവലിച്ചത് കോടതിയുടെ വിമർശനത്തിന് കാരണമായി.
വിജയ് നായകനായി അഭിനയിച്ച ‘ലിയോ’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി തൃഷയ്ക്കെതിരെയാണ് മൻസൂർ അലി ഖാൻ വിവാദ പരാമർശങ്ങൾ നടത്തിയത്. ലിയോയിൽ തൃഷയാണ് നായികയെന്നറിഞ്ഞപ്പോൾ ഒരു കിടപ്പറ രംഗമുണ്ടാവുമെന്ന് പ്രതീക്ഷിച്ചുവെന്നായിരുന്നു നടൻ പറഞ്ഞത്. തൃഷ തന്നെയാണ് നടനെതിരേ ആദ്യം ശക്തമായി രംഗത്തുവന്നത്. ഇനിയൊരിക്കലും കൂടെ അഭിനയിക്കില്ലെന്നും തൃഷ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെ മൻസൂർ അലിഖാനെതിരെ സിനിമാലോകത്തുനിന്ന് വ്യാപക പ്രതിഷേധവും ഉയർന്നു.
നടന്മാരായ ചിരഞ്ജീവി, നിതിൻ, സംവിധായകൻ ലോകേഷ് കനകരാജ്, നടി മാളവിക മോഹനൻ, ഗായിക ചിന്മയി തുടങ്ങിയവരും തൃഷയ്ക്ക് പിന്തുണയുമായെത്തിയവരിൽ ഉൾപ്പെടുന്നു. സംഭവത്തിൽ നടൻ മൻസൂർ അലി ഖാനെതിരേ ദേശീയ വനിത കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു.