സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രത്തില്‍ നിന്നും സഹായം തേടാന്‍ കേരളം. ഇക്കാര്യത്തില്‍ കെ.വി തോമസ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനുമായി ചര്‍ച്ചകള്‍ നടത്തും. സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ കെ വി തോമസിനെയാണ് സംസ്ഥാനം ചുമതലപ്പെടുത്തിയിരിക്കുന്നത്. ദേശീയ പാത വികസനത്തിന് ചെലവഴിച്ച പണം കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കണം എന്ന ആവശ്യമാകും പ്രധാനമായും കെ വി തോമസ് കേന്ദ്രത്തെ ധരിപ്പിക്കുക. വിഷയത്തില്‍ സുപ്രിംകോടതിയെ സമീപിക്കുന്നത് ചര്‍ച്ചയ്ക്ക് ശേഷം മതിയെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.
സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ കടുത്ത ചെലവുചുരുക്കലിലേക്ക് നീങ്ങുകയാണ് സംസ്ഥാനം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ചെലവ് ചുരുക്കണമെന്ന് വിവിധ വകുപ്പുകളോട് ധനവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ കെട്ടിടങ്ങളുടെ മോടിപിടിപ്പിക്കല്‍, ഫര്‍ണീച്ചര്‍ വാങ്ങല്‍, വാഹനം വാങ്ങല്‍ എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. നിലവിലെ സ്ഥിതിയില്‍ ചെലവുകള്‍ നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്നും ധനവകുപ്പ് വ്യക്തമാക്കുന്നു. ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്രകുമാര്‍ അഗര്‍വാളാണ് ഉത്തരവിറക്കിയത്.