പമ്പ - നിലയ്ക്കൽ ചെയിൻ സർവീസ് ബസ് ഓൺലൈനിൽ ബുക്ക് ചെയ്യാം; തീ‍ര്‍ഥാടകര്‍ക്ക് കൂടുതൽ സേവനങ്ങളുമായി കെഎസ്ആര്‍ടിസി



പത്തനംതിട്ട: ശബരിമല ദർശനത്തിന് എത്തുന്ന അയ്യപ്പ ഭക്തർക്കായി കൂടുതൽ സേവനങ്ങളുമായി കെഎസ്ആർടിസി. ഇതിന്റെ ഭാഗമായി പമ്പ - നിലയ്ക്കൽ ചെയിൻ സർവീസ് ബസുകളിൽ ഓൺലൈൻ ബുക്കിങ് സൗകര്യം ആരംഭിച്ചു. ശബരിമല തീർഥാടകർക്ക് നിലയ്ക്കൽനിന്ന് പമ്പയിലേക്കും ദർശനത്തിന് ശേഷം തിരികെ പമ്പയിൽനിന്ന് നിലയ്ക്കലിലേക്കും കെഎസ്ആർടിസി പ്രത്യേക ചെയിൻ സർവീസുകളിലാണ് ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിന് സൗകര്യം ആരംഭിച്ചിരിക്കുന്നത്.ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക്, ബുക്കിങ്ങിന് ശേഷം എസ്എംഎസ്, ഇ മെയിൽ, വാട്സാപ്പ് എന്നിവയിലൂടെ ടിക്കറ്റുകൾ ലഭിക്കും. യാത്ര ചെയ്യുന്നതിനായി എത്തുമ്പോൾ ടിക്കറ്റുകളുടെ പ്രിൻ്റ് ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. ഓൺലൈൻ മുഖാന്തരം ലഭിക്കുന്ന ടിക്കറ്റിന്റെ പ്രിന്റ് എടുത്ത് ഫോട്ടോ ഐഡിയോട് കൂടെ യാത്ര ചെയ്യുന്ന സമയത്തു ബന്ധപ്പെട്ട ജീവനക്കാരനെ കാണിക്കേണ്ടതാണ്. ഒന്നിലധികം തീർഥാടകർ ഒരു ടിക്കറ്റിൽ ഉണ്ടെങ്കിൽ ടിക്കറ്റിൽ പേരുള്ള തീർഥാടകന്റെ മാത്രം ഫോട്ടോ ഐഡിയും ടിക്കറ്റ് പ്രിൻ്റൗട്ടും കാണിച്ചാൽ മതിയാകും.ഒരു ടിക്കറ്റിൽ ഒന്നിലധികം യാത്രക്കാർ ഉണ്ടെങ്കിൽ ബന്ധപ്പെട്ട യാത്രക്കാരെ ഒരുമിച്ചു മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ. ടിക്കറ്റ് ക്യാൻസലേഷൻ ഉണ്ടായിരിക്കില്ല. www.sabarimala.onlineksrtcswift.com/ www.onlineksrtcswift.com എന്ന വെബ്സൈറ്റുകൾ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും. എന്നാൽ നാട്ടിൽനിന്ന് ശബരിമലയിലേക്ക് യാത്ര ആരംഭിച്ച ശേഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് പിന്നീട് ടിക്കറ്റ് പ്രിൻ്റൗട്ട് എടുക്കുക എളുപ്പമല്ല. അതിനാൽ വിമാന - ട്രെയിൻ ടിക്കറ്റുകൾ പോലെ ഇ - ടിക്കറ്റും ഐഡി പ്രൂഫും അനുവദിച്ചാൽ കൂടുതൽ തീർഥാടകർക്ക് പ്രയോജനപ്പെടും.

Previous Post Next Post