ദുബായ് റൈഡ് നാളെ; രണ്ട് പാതകളില്‍ ഗതാഗത നിയന്ത്രണം

 


ദുബായ്: വാര്‍ഷിക ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ (ഡിഎഫ്‌സി) ഹൈലൈറ്റുകളിലൊന്നായ ദുബായ് റൈഡ് നാളെ നടക്കും. എമിറേറ്റിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി സൈക്ലിങ് ഇവന്റിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദുബായ് മീഡിയ ഓഫീസ് (ഡിഎംഒ) അറിയിച്ചു.രണ്ട് പാതകളാണ് ദുബായ് റൈഡിനായി നിശ്ചയിച്ചിരിക്കുന്നത്. ഷെയ്ഖ് സായിദ് റോഡില്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ മുതല്‍ സഫ പാര്‍ക്ക് വരെ നീളുന്ന 12 കിലോമീറ്ററാണ് ഇതിലൊന്ന്. ദുബായ് കനാല്‍ പാലത്തിന് മുകളിലൂടെയുള്ള മനോഹരമായ കയറ്റം ഉള്‍പ്പെടെയുള്ള പാതയാണിത്. മ്യൂസിയം ഓഫ് ഫ്യൂച്ചര്‍, അല്‍ സത്‌വ, കൊക്കകോള അരീന, ബിസിനസ് ബേ, ലോവര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ എന്നീ അഞ്ച് വ്യത്യസ്ത സ്റ്റാര്‍ട്ടിങ് ഗേറ്റുകള്‍ ഈ റൂട്ടിലുണ്ടാവും.നാല് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡൗണ്‍ടൗണ്‍ ഫാമിലി റൂട്ട് ആണ് രണ്ടാമത്തേത്. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ബൊളിവാര്‍ഡിലൂടെ ദുബായ് മാള്‍, ദുബായ് ഓപറ, ബുര്‍ജ് ഖലീഫ എന്നിങ്ങനെയുള്ള ലാന്‍ഡ്മാര്‍ക്കുകളിലൂടെ റൈഡര്‍മാര്‍ കടന്നുപോകും. എല്ലാ പ്രായത്തിലും വൈദഗ്ധ്യത്തിലുമുള്ള സൈക്ലിസ്റ്റുകള്‍ക്ക് ഇവന്റില്‍ പങ്കെടുക്കാം.നാളെ രാവിലെ 6:15 മുതല്‍ 8:15 വരെ ഈ പാതകളില്‍ മറ്റു വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ഇവന്റില്‍ പങ്കെടുക്കുന്ന സൈക്കിള്‍ യാത്രക്കാര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. സൈക്കിള്‍ യാത്ര 6.30ന് ആരംഭിച്ച് 7.30ന് അവസാനിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.ഡിപി വേള്‍ഡ് അവതരിപ്പിക്കുന്ന ദുബായ് റൈഡിന്റെ നാലാം പതിപ്പാണിത്. ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 2017ല്‍ ആരംഭിച്ച വാര്‍ഷിക ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായാണ് ദുബായ് റൈഡ് ആരംഭിച്ചത്.


ദുബായിലെ ഇക്കണോമി ആന്‍ഡ് ടൂറിസം വകുപ്പും ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സിലും ചേര്‍ന്നാണ് ദുബായ് റൈഡ് സംഘടിപ്പിക്കുന്നത്.റൈഡില്‍ പങ്കെടുക്കുന്നതിന് ഔദ്യോഗിക വെബ്‌സൈറ്റില്‍ ആര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. സ്വദേശികള്‍, പ്രവാസികള്‍, സന്ദര്‍ശന-ടൂറിസ്റ്റ് വിസകളിലുള്ളവര്‍ തുടങ്ങി എല്ലാവര്‍ക്കും പങ്കാളികളാവാം. രജിസ്റ്റര്‍ ചെയ്തവര്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലെ വണ്‍ സെന്‍ട്രലില്‍ സ്ഥിതി ചെയ്യുന്ന പുതുതായി സ്ഥാപിച്ച റണ്‍ ആന്‍ഡ് റൈഡ് സെന്‍ട്രലില്‍ എത്തണം.

2022 എഡിഷനില്‍ 34,897 സൈക്ലിസ്റ്റുകള്‍ പങ്കെടുത്തിരുന്നു. 30 ദിവസം തുടര്‍ച്ചയായി 30 മിനിറ്റ് ദിവസേന വ്യായാമം ചെയ്യാന്‍ പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന ഈ പദ്ധതി ദുബായ് 30ണ്മ30 ചലഞ്ച് എന്നാണ് അറിയപ്പെടുന്നത്. ദുബായ് റൈഡില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കരീം ബൈക്ക് സൗജന്യമായി സൈക്കിള്‍ നല്‍കും. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും (ആര്‍ടിഎ) കരീം ബൈക്കും ഇതിനായി ധാരണയുണ്ടാക്കിയിട്ടുണ്ട്. കരീം ആപ് ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് സൈക്കിള്‍ ലഭിക്കുക.
Previous Post Next Post