സുപ്രീംകോടതി വിധി സര്‍ക്കാരിന് ശക്തമായ താക്കീത്; ഉന്നത വിദ്യാഭ്യാസമന്ത്രി ഇന്നുതന്നെ രാജിവയ്ക്കണം; വിഡി സതീശന്‍

 
തൃശൂര്‍ : കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാരിന് ശക്തമായ താക്കീത് ആണ് കോടതി വിധി. പ്രതിപക്ഷ ആരോപണങ്ങളെ ഇത് ശരിവെക്കുന്നു. ഗവര്‍ണറും സര്‍ക്കാരും ചേര്‍ന്ന് ആളുകളെ കബളിപ്പിക്കുകയായിരുന്നെന്നും വിഡി സതീശന്‍ പറഞ്ഞു.

'വൈസ് ചാന്‍സലറുടെ നിയമനം യഥാര്‍ഥത്തില്‍ യുജിസി ചട്ടങ്ങള്‍ ലംഘിച്ചായിരുന്നു. നിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി ഗവര്‍ണര്‍ക്ക് കത്തെഴുതാന്‍ പാടില്ല. കൂടാതെ നിയമലംഘനം നടത്തി പ്രായപരിധി കഴിഞ്ഞയാളെ പുനര്‍ നിയമനം നടത്തി. അത് സുപ്രീം കോടതി റദ്ദാക്കിയിരിക്കുകയാണ്. അനാവശ്യമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായെന്നും വിധി പകര്‍പ്പില്‍ പറയുന്നു. ഇന്ന് തന്നെ ഉന്നതവിദ്യാഭ്യാസമന്ത്രി രാജിവച്ച് പുറത്തുപോകണം'- വിഡി സതീശന്‍ പറഞ്ഞു. 

അതേസമയം, കോടതി വിധി അംഗീകരിക്കു ന്നതായി ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു പറഞ്ഞു. വിധി പകര്‍പ്പ് പഠിച്ച ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാമെന്നും ബിന്ദു മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. 


Previous Post Next Post