ബബിയ ഓര്‍മയായി ഒരു വര്‍ഷം പിന്നിടുമ്പോള്‍ അനന്തപുരം ക്ഷേത്രക്കുളത്തില്‍ മറ്റൊരു മുതല



 കാസര്‍ഗോഡ് കുമ്പള അനന്തപുരം ക്ഷേത്ര കുളത്തിലെ ബബിയ മുതല എന്നും നാട്ടുകാര്‍ക്കൊരു വിസ്മയമായിരുന്നു. സസ്യാഹാരം മാത്രം ഭക്ഷിച്ച് ഏഴ് പതിറ്റാണ്ടിലേറെയായി കുളത്തില്‍ ജീവിച്ച ബബിയ മുതല കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ പത്തിനാണ് ചത്തത്. ക്ഷേത്രക്കുളത്തിലോ പരിസരത്തോ എത്തുന്ന ആരെയും ബബിയ ആക്രമിച്ച ചരിത്രമില്ല. 1945ല്‍ ഇതേ കുളത്തിലുണ്ടായിരുന്ന മുതലയെ വെടിവെച്ചുകൊന്നെന്നും ദിവസങ്ങള്‍ക്കുള്ളില്‍ ബബിയ കുളത്തില്‍ പ്രത്യക്ഷപ്പെട്ടെന്നുമാണ് വിശ്വാസം. ഇതിന് സമാനമായി, ബബിയ ഓര്‍മയായതിന്റെ ഒരു വര്‍ഷം പിന്നിടുമ്പോള്‍ മറ്റൊരു മുതല ക്ഷേത്രക്കുളത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.ബബിയ ഓര്‍മയായതിന് ശേഷം ആദ്യമായി കുളത്തില്‍ മറ്റൊരു മുതല പ്രത്യക്ഷപ്പെട്ടതോടെ എല്ലാവര്‍ക്കും കൗതുകമായി. ക്ഷേത്രഭാരവാഹികള്‍ ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ട്രസ്റ്റിനെയും മലബാര്‍ ദേവസ്വം ബോര്‍ഡിനെയും മറ്റും വിവരമറിയിച്ചു. ബബിയയുടെ അതേ വിഭാഗത്തില്‍ പെട്ട മുതലയാണിതെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചെന്നാണ് ഭാരവാഹികള്‍ പറയുന്നത്. ബബിയക്ക് ശേഷം പുതിയ മുതല എവിടെ നിന്ന് വന്നെന്നോ ഇത്രയും നാള്‍ ഈ കുളത്തില്‍ തന്നെയുണ്ടായിരുന്നോ എന്നൊന്നും ആര്‍ക്കുമറിയില്ല.കേരളത്തിലെ ഏക തടാക ക്ഷേത്രമാണ് കാസര്‍ഗോട്ടെ ഈ അനന്തപുരം ക്ഷേത്രം. കഴിഞ്ഞ വര്‍ഷം ബബിയ ഓര്‍മയായ വിവരമറിഞ്ഞ് നൂറുകണക്കിന് പേര്‍ കാണാനെത്തിയിരുന്നു. ഹിന്ദുമത വിശ്വാസ പ്രകാരമുള്ള ചടങ്ങുകളോടെയായിരുന്നു അന്ന് ബബിയയെ സംസ്‌കരിച്ചത്. ആരെയും ആക്രമിക്കാത്ത ബബിയ ക്ഷേത്രത്തില്‍ നിന്ന് നല്‍കുന്ന നിവേദ്യമായിരുന്നു ഭക്ഷിച്ചിരുന്നത്. ഒരു നാള്‍ ക്ഷേത്ര നട വരെ ബബിയ എത്തിയതും ഭക്തര്‍ക്ക് കൗതുകക്കാഴ്ചയായിരുന്നു. പ്രായാധിക്യത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു ബബിയയുടെ മരണം.

Previous Post Next Post