മിഡില്‍ ഈസ്റ്റിലേക്കെത്തുന്ന വിമാനങ്ങള്‍ക്ക് സിഗ്നല്‍ നഷ്ടമാകുന്നു; ഇന്ത്യന്‍ എയര്‍ലൈനുകള്‍ക്ക് മുന്നറിയിപ്പ്

 



മിഡില്‍ ഈസ്റ്റ് ഭാഗങ്ങളിലേക്ക് യാത്രക്കാരുമായി പറക്കുന്ന വിമാനങ്ങള്‍ക്ക് ജിപിഎസ് നഷ്ടമാകുന്നത് പതിവായതോടെ ഡിജിസിഎ എല്ലാ ഇന്ത്യന്‍ എയര്‍ലൈനുകള്‍ക്കും മുന്നറിയിപ്പ് നല്‍കി. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് ഡിജിസിഎ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. കഴിഞ്ഞ സെപ്റ്റംബറില്‍ നിരവധി കൊമേഴ്‌സ്യല്‍ വിമാനങ്ങള്‍ ഇറാന് സമീപമെത്തിയതോടെ ജിപിഎസ് സിഗ്നല്‍ നഷ്ടമായിരുന്നു.


സിഗ്നല്‍ ലഭിക്കാതെ വന്നതോടെ ഒരു വിമാനം ഇറാന്റെ വ്യോമാതിര്‍ത്തിയില്‍ അനുവാദമില്ലാതെ പ്രവേശിച്ചിരുന്നു. തുടരെ ജിപിഎസ് സിഗ്നല്‍ നഷ്ടപ്പെടുന്നതിന് പിന്നില്‍ സ്പൂഫിംഗ് ആണെന്ന ആശങ്കയും ഉയരുന്നുണ്ട്. സംഭവത്തില്‍ പൈലറ്റുമാരുടെ സംഘടനയും വിമാനക്കമ്പനികളും ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.


കൃത്രിമ ജിപിഎസ് ഉപയോഗിച്ച് വിമാനത്തിന്റെ നാവിഗേഷന്‍ സംവിധാനം പൂര്‍ണമായും തകര്‍ക്കുന്നതാണ് സ്പൂഫിംഗ്. വടക്കന്‍ ഇറാഖിനും അസര്‍ബൈജാനിലെ എര്‍ബിലിന് സമീപവും ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിന് പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇവിടങ്ങളില്‍ മിലിട്ടറി ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനങ്ങള്‍ വിന്യസിക്കുന്നതിനാല്‍ സ്പൂഫിംഗ് സംഭവിച്ചേക്കാമെന്നാണ് നിഗമനം.

Previous Post Next Post