കോട്ടയത്ത് കേരളാ കോൺ​ഗ്രസ് തന്നെ മത്സരിക്കും, യുഡിഎഫിൽ തർക്കങ്ങളില്ല'; വ്യക്തമാക്കി പി ജെ ജോസഫ്

കോട്ടയം: കോട്ടയം ലോക്സഭാ സീറ്റിൽ ആര് മത്സരിക്കുമെന്നത് സംബന്ധിച്ച് യുഡിഎഫിൽ തർക്കങ്ങളില്ലെന്ന് കേരളാ കോൺ​ഗ്രസ് നേതാവ് പി ജെ ജോസഫ്. കോട്ടയം സീറ്റിൽ കേരളാ കോൺഗ്രസ് മത്സരിക്കും. അനൗദ്യോഗിക ചർച്ചകൾ നടക്കുകയാണ്. കോട്ടയം സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും പി ജെ ജോസഫ് പറഞ്ഞു.

ജില്ലാ ക്യാമ്പുകളോടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങാനാണ് കേരളാ കോൺ​ഗ്രസ് പ്രവർത്തകർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തു നിൽക്കാതെ തന്നെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് പാർട്ടി നേതൃത്വം പച്ചക്കൊടി വീശിയത്. കോട്ടയം സീറ്റിൽ ജോസഫിന് ശക്തരായ സ്ഥാനാർത്ഥികളില്ലെന്നാണ് കോൺഗ്രസ് ജില്ലാ നേതൃത്വത്തിൻ്റെ വിലയിരുത്തൽ. കേരളാ കോൺഗ്രസിൽ ശക്തരായ സ്ഥാനാർത്ഥികളില്ലെന്ന പ്രചാരണത്തിന് മറുപടിയുമായി പാർട്ടി ജില്ലാ പ്രസിഡൻ്റ് സജി മഞ്ഞക്കടമ്പിൽ രം​ഗത്ത് എത്തിയിരുന്നു. ഒരു കോൺഗ്രസ് നേതാവും കേരളാ കോൺഗ്രസിന് ശക്തരായ സ്ഥാനാർത്ഥിയില്ല എന്ന് പറയില്ല. കേരളാ കോൺഗ്രസിന് ഡസൻ കണക്കിന് സ്ഥാനാർത്ഥികൾ മണ്ഡലത്തിലുണ്ട്. ഇവിടെ യു ഡി എഫ് സ്ഥാനാർത്ഥിയാണ് മത്സരിക്കുന്നത്, വിജയിക്കും എന്നാണ് സജി മഞ്ഞക്കടമ്പിൽ‌ പറഞ്ഞത്.

സംസ്ഥാനത്തെ ആദ്യ ജില്ലാ ക്യാമ്പാണ് പാലായിൽ നടക്കുന്നത്. പാർട്ടി സംഘടന പ്രവർത്തനം ബൂത്ത് തലം മുതൽ ജില്ലാതലം വരെ സജീവമാക്കുന്നതിനെക്കുറിച്ചാണ് പ്രധാന അജണ്ട. ക്യാമ്പിന് ശേഷം കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അവഗണനകൾക്കെതിരെ മണ്ഡലം പദയാത്രകളും സംഘടിപ്പിക്കും.


Previous Post Next Post