ക്രിസ്മസും പുതുവർഷവും എത്തുന്നു; രണ്ടുമാസത്തെ ക്ഷേമ പെൻഷൻ കൂടി ഉടൻ? തിരക്കിട്ട നീക്കവുമായി സർക്കാർ



തിരുവനന്തപുരം: നവകേരള സദസ്സ് അവസാനിക്കും മുൻപ് രണ്ടുമാസത്തെ ക്ഷേമ പെൻഷൻ കൂടി വിതരണം ചെയ്യാൻ സർക്കാർ നീക്കമെന്ന് റിപ്പോർട്ടുകൾ. പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട പരാതികളും ആരോപണങ്ങളും തുടരുന്നതും ക്രിസ്മസും പുതുവർഷവും എത്തുന്ന സാഹചര്യവും കണക്കിലെടുത്ത് രണ്ടുമാസത്തെ ക്ഷേമ പെൻഷൻ തുകയായ 3,200 രൂപ വിതരണം ചെയ്യാൻ സർക്കാർ തിരക്കിട്ട നീക്കം നടത്തുന്നത്.ജൂലൈ മാസത്തെ പെൻഷൻ വിതരണം കഴിഞ്ഞയാഴ്ച സർക്കാർ പൂർത്തിയാക്കിയിരുന്നു. ട്രഷറി നിയന്ത്രണമേർപ്പെടുത്തിയും ചെലവുകൾ കുറച്ചുമാണ് ധനവകുപ്പ് ആവശ്യമായ പണം കണ്ടെത്തിയത്. രണ്ടുമാസത്തെ ക്ഷേമ പെൻഷൻ കൂടി വിതരണം ചെയ്യാൻ കൂടുതൽ തുക ആവശ്യമാണ്. നിലവിലെ സാഹചര്യത്തിൽ ചെലവുകൾ വെട്ടിച്ചുരുക്കിയാലും ഇതിനുള്ള പണം കണ്ടെത്തുക വിഷമകരമാണ്.നവകേരള സദസ്സ് ആരംഭിക്കുന്നതിന് മുന്നോടിയായി പെൻഷൻ വിതരണം ചെയ്യാനുള്ള നിർദേശം സർക്കാർ നൽകിയിരുന്നു. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ പെൻഷൻ വിതരണത്തിന് 1500 കോടിയോളം രൂപയാണ് വേണ്ടത്. ഇതുനൽകിയാൽ ഒക്ടോബർ, നവംബർ മാസങ്ങളിലെ പെൻഷനാകും കുടിശ്ശികയായി ഉണ്ടാകുക. അടുത്തമാസമാകുമ്പോഴേക്കും നാലുമാസത്തെ ക്ഷേമപെൻഷൻ കുടിശികയുണ്ടാകുന്ന സാഹചര്യവുമുണ്ട്. ഇതിനാൽ രണ്ടുമാസത്തെ ക്ഷേമ പെൻഷൻ വിതരണം ക്രിസ്മസിന് മുൻപ് തീർത്ത് ജനങ്ങളുടെ പക്കൽ പണമെത്തിക്കാനാണ് ശ്രമം.കാർഷിക കടാശ്വാസ തുക വിതരണത്തിനായി 18.54 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ നേരത്തെ അറിയിച്ചിരുന്നു. കടാശ്വാസ കമ്മീഷൻ തീർപ്പാക്കിയ അപേക്ഷകളിൽ പരിശോധന പൂർത്തിയാക്കി സഹകരണ രജിസ്‌ട്രാർ ലഭ്യമാക്കിയ പട്ടിക അനുസരിച്ചുള്ള തുകയാണ്‌ അനുവദിച്ചത്‌. ഈവർഷം ബജറ്റിൽ വകയിരുത്തിയ തുക പൂർണമായും അനുവദിച്ചു കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞിരുന്നു

Previous Post Next Post