ജയ്പുർ: രാജസ്ഥാനിൽ നാലുവയസുകാരിയായ ദളിത് പെൺകുട്ടിയെ പോലീസുകാരൻ പീടിപ്പിച്ചതായി പരാതി. വെള്ളിയാഴ്ച രാജസ്ഥാനിലെ ദൗസ ജില്ലയിലെ ലാൽസോത്ത് പ്രദേശത്താണ് കേസിനാസ്പദമായ സംഭവമുണ്ടായിരിക്കുന്നത്. കേസിൽ എസ്ഐ ഭൂപേന്ദ്ര സിങ്ങിനെ അറസ്റ്റ് ചെയ്തു.വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവമുണ്ടായത്. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് തന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ഇയാൾ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിൽ സബ് ഇൻസ്പെടറെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയാണെന്ന് എഎസ്പി രാമചന്ദ്ര സിംഗ് നെഹ്റ മാധ്യമങ്ങളോട് പറഞ്ഞു.പീഡനവാർത്ത അറിഞ്ഞതോടെ എത്തിയ പ്രദേശവാസികൾ രഹുവാസ് പോലീസ് സ്റ്റേഷൻ വളയുകയും മർദ്ദിക്കുകയും ചെയ്തു. പോലീസിനെതിരെ മുദ്രാവാക്യം വിളിച്ചെത്തിയ നാട്ടുകാരാണ് ഇയാളെ കൈകാര്യം ചെയ്തത്. സംഭവത്തിന് പിന്നാലെ തന്നെ സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനവുമായി ബിജെപി രംഗത്തുവന്നു.
ദളിത് പെൺകുട്ടിയെ പൊലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ച് ഗെലോട്ട് സർക്കാരിതിനെതിരെ ജനം ക്ഷുഭിതരാണെന്നാണ് പ്രദേശത്തെ എംപി കൂടിയായ ബിജെപി നേതാവ് കിരോടി ലാൽ മീണ വ്യക്തമാക്കി. താനിവിടെ എത്തിയത് ആ നിഷ്കളങ്കയായ പിഞ്ചുകുഞ്ഞിന് നീതി നേടിക്കൊടുക്കുന്നതിന് വേണ്ടിയാണെന്നും ബിജെപി എംപി പറഞ്ഞു.
അശോക് ഗെലോട്ടിന്റെ സർക്കാരിന്റെ കഴിവുകേട് കൊണ്ട് പോലീസ് ഇന്ന് സ്വേച്ഛാദിപത്യ സ്വഭാവത്തിലേക്ക് എത്തിയതായും ബിജെപി ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ പിടിപ്പ് കേടാണ് ഇത്തരത്തിൽ സംഭവങ്ങൾക്ക് പ്രധാന കാരണമെന്നും തെരഞ്ഞെടുപ്പ് സമയത്ത് പോലും ഇത്തരം അതിക്രമങ്ങൾ ചെയ്യുന്നതിൽ മടി കാണിക്കുന്നില്ലെന്നും കിരോടി ലാൽ മീണ കൂട്ടിച്ചേർത്തു.അതേസമയം, പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച് കൃത്യമായ ഒരു വിവരം നൽകാറായിട്ടില്ലെന്ന് എസ് പി വന്ദിതാ റാണ പറഞ്ഞു. മെഡിക്കൽ ചെക്കപ്പിന് ശേഷം കൃത്യം പ്രായം പറയാൻ സാധിക്കുമെന്ന് വ്യക്തമാക്കി. ഏകദേശം നാല് മുതൽ അഞ്ചു വയസ് വരെയാണ് പ്രായമെന്നും അവർ പറഞ്ഞു.