കണ്ണൂരിൽ എം.ഡി.എം.എയുമായി ഒരു യുവതി ഉള്‍പ്പെടെ നാല് പേർ പിടിയിൽ




കണ്ണൂർ  : എം.ഡി.എം.എയുമായി ഒരു യുവതി ഉള്‍പ്പെടെ നാല് പേർ പിടിയിൽ
ഇവരിൽ നിന്ന് 158 ഗ്രാം എം.ഡി.എം.എയും 112 ഗ്രാം ഹാഷിഷ് ഓയിലും ടൗൺ പോലീസ് പിടികൂടി. കണ്ണൂർ പുതിയതെരു സ്വദേശി യാസിർ, പെൺസുഹൃത്ത് അപർണ, യാസിറിന്‍റെ സഹോദരൻ റിസ്‍വാൻ, സുഹൃത്ത് ദിൽഷിദ് എന്നിവരാണ് പിടിയിലായത്.

യാസിറിനെയും 23കാരിയായ പെണ്‍സുഹൃത്ത് അപർണയെയുമാണ് ആദ്യം പൊലീസ് പിടികൂടുന്നത്. കണ്ണൂരിലെ ഒരു ഹോട്ടലിൽ മുറിയെടുത്തായിരുന്നു ഇവരുടെ ലഹരി വിൽപ്പന. ഇതിനെക്കുറിച്ച് രഹസ്യ വിവരം കിട്ടിയ കണ്ണൂർ ടൗൺ പൊലീസ് ഹോട്ടലിലെത്തി പരിശോധന നടത്തി രണ്ട് പേരെയും പിടികൂടി. ഇവരെ ചോദ്യം ചെയ്തതോടെയാണ് റിസ്‍വാനും ദിൽഷിദും ലഹരി വിൽപ്പനയിലെ കണ്ണികളാണെന്ന വിവരം കൂടി പൊലീസിന് ലഭിച്ചത്.

ഇരുവരും ഈ സമയം മറ്റൊരു ഹോട്ടലിലായിരുന്നു. അവിടെ എത്തി രണ്ട് പേരെയും ടൗൺ പൊലീസ് പിടികൂടി. രണ്ട് സ്ഥലങ്ങളിലായി പൊലീസ് നടത്തിയത് സമീപകാലത്തെ ജില്ലയിലെ ഏറ്റവും വലിയ എം.ഡി.എം വേട്ട. 158 ഗ്രാം എം.ഡി.എം.എയും 112 ഗ്രാം ഹാഷിഷ് ഓയിലുമാണ് പൊലീസിന് ഇവരില്‍ നിന്ന് പിടികൂടാനായത്.

ബംഗളൂരുവിൽ നിന്നായിരുന്നു സംഘം ലഹരി മരുന്നുകൾ എത്തിച്ചിരുന്നത്. വിദ്യാർത്ഥികൾ ഉൾപ്പെടെ ഇവരിൽനിന്ന് ലഹരി മരുന്ന് വാങ്ങിയിട്ടുണ്ടെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. യാസിറിന്‍റെ സംഘത്തിൽ കൂടുതൽ പേരുണ്ടെന്നും ഇവരിലേക്ക് അന്വേഷണം എത്തുമെന്നും കണ്ണൂർ ടൗൺ പൊലീസ് പറഞ്ഞു. അറസ്റ്റിലായ ദിൽഷിദ് കഞ്ചാവ് വിൽപ്പനയ്ക്ക് നേരത്തെയും പിടിയിലായിട്ടുണ്ട്
Previous Post Next Post