ഡെറാഡൂൺ : ഉത്തരകാശി ജില്ലയിലെ ദേശീയ പാതയിൽ സിൽക്യാര-ബർകോട്ട് തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നതിനെത്തുടർന്ന് നവംബർ 12 മുതൽ 41 പേർ ഈ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്.
ആഴ്ചകളായി നീണ്ടുനിൽക്കുന്ന രക്ഷാപ്രവർത്തനം ഇപ്പോൾ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്. ഇന്ന് (വ്യാഴാഴ്ച) രാത്രി തന്നെ രക്ഷാപ്രവർത്തകർക്ക്കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് അടുത്തേക്ക് എത്താൻ കഴിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
യുഎസ് നിർമ്മിത ആഗർ ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് സിൽക്യാര-ബർകോട്ട് തുരങ്കത്തിലെ അവശിഷ്ടങ്ങളുടെ മറുവശത്തേക്ക് എത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ രക്ഷാപ്രവർത്തകർ നടത്തുന്നത്. ഈ രക്ഷാപ്രവർത്തനത്തിൽ കഴിഞ്ഞദിവസം രാത്രി തടസ്സം നേരിട്ടിരുന്നു. തുടർന്ന് വ്യാഴാഴ്ച രാവിലെ ഡൽഹിയിൽ നിന്നും വിദഗ്ധർ എത്തിയാണ് ഈ തടസ്സം പരിഹരിച്ചത്.
നിലവിൽ വെൽഡിങ് പ്രക്രിയ നടക്കുകയാണെന്നും കൂടുതൽ തടസ്സങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിൽ രാത്രിയോടെ തന്നെ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് സമീപത്തേക്ക് എത്താൻ കഴിയും എന്നും അധികൃതർ അറിയിച്ചു.
കുടുങ്ങിപ്പോയ തൊഴിലാളികളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും അവർ ഇപ്പോൾ മെച്ചപ്പെട്ട മാനസികാവസ്ഥയിൽ എത്തിയിട്ടുണ്ടെന്നും രക്ഷാദൗത്യസംഘം അറിയിച്ചു.