വിയ്യൂർ അതിസുരക്ഷാ ജയിലിൽ സംഘർഷം; കൊടി സുനിയും സംഘവും ജയിൽ ജീവനക്കാരെ ആക്രമിച്ചു



തൃശൂർ: വിയ്യൂർ അതിസുരക്ഷാ ജയിലിൽ ജീവനക്കാരെ ആക്രമിച്ച് ടിപി വധക്കേസ് പ്രതി കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘം. സംഭവത്തിൽ മൂന്ന് ജയിൽ ജീവനക്കാർക്കും ഒരു പ്രതിക്കും പരിക്കേറ്റു. ഇന്നലെയായിരുന്നു സംഭവം.

കൊലക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന പ്രതി കാട്ടുണ്ണി രഞ്ജിത്ത് ആണ് ആദ്യം പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. ഭക്ഷണത്തിന്റെ പേര് പറഞ്ഞ് ബഹളം വയ്ക്കുകയും മറ്റൊരു പ്രതിയുമായി തർക്കത്തിലേർപ്പെടുകയും ആയിരുന്നു. ഇതേ തുടർന്ന് ഇരുവരെയും ജീവനക്കാർ ഓഫീസിലേക്ക് കൊണ്ടുപോയി. 

ഇതിന് പിന്നാലെ കൊടി സുനിയുടെ നേതൃത്വത്തിലുളള സംഘം ഗാർഡ് ഓഫീസറുടെ മുറിയും തകർത്തു. മുറിയിലുണ്ടായിരുന്ന ഫർണീച്ചറുകളും തകർത്തുവെന്നുമാണ് ജയിൽ അധികൃതർ പറയുന്നത്. തടയാൻ ശ്രമിച്ചപ്പോൾ ഇവരെ മർദ്ദിച്ചു. ജില്ലാ ജയിലിൽ നിന്നും കൂടുതൽ ഉദ്യോഗസ്ഥരെത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ജയിൽ അധികൃതർ അറിയിച്ചു.

ജയിൽ ജീവനക്കാരായ അർജുൻ, ഓംപ്രകാശ്, വിജയകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള അർജുൻ്റെ പരിക്ക് സാരമുള്ളതാണ്.

 പത്തോളം പേരുള്ള സംഘം ആയിരുന്നു ആക്രമണം നടത്തിയത് എന്നാണ് ഇവരുടെ മൊഴി.
Previous Post Next Post