ഗൂഗിള്‍, ആപ്പിള്‍ സ്റ്റോറുകളിലെ ഹമാസിന്റെ ചാനലുകളെ നിയന്ത്രിച്ച് ടെലിഗ്രാം. ഹമാസുമായി ബന്ധപ്പെട്ട എല്ലാ ചാനലുകള്‍ക്കും ടെലിഗ്രാം നിയന്ത്രണമേര്‍പ്പെടുത്തി. ഗൂഗിള്‍ പ്ലേയില്‍ നിന്നോ ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്ത ടെലിഗ്രാമിന്റെ പതിപ്പുകളില്‍ ഹമാസിന്റെ ഔദ്യോഗിക അക്കൗണ്ടിലേക്കും സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡിന്റെ അക്കൗണ്ടിലേക്കും ഗാസ നൗ എന്ന വാര്‍ത്താ അക്കൗണ്ടിലേക്കുമുള്ള പ്രവേശനം നിരോധിച്ചു.ഒക്ടോബര്‍ 7 ന് ഇസ്രയേലിനെതിരായി ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ലക്ഷണക്കണക്കിന് പുതിയ ഫോളോവേഴ്‌സാണ് ഹമാസിന്റെ ടെലിഗ്രാം ഗ്രൂപ്പുകളിലേക്കെത്തിയത്. ഈ അക്കൗണ്ടുകള്‍ ടെലിഗ്രാമിന്റെ ഓണ്‍ലൈന്‍ പതിപ്പില്‍ നിന്നും ടെലിഗ്രാമിന്റെ വെബ്സൈറ്റില്‍ നിന്ന് നേരിട്ട് ഡൗണ്‍ലോഡ് ചെയ്ത ആപ്പിന്റെ പതിപ്പില്‍ നിന്നും ഇപ്പോഴും ആക്സസ് ചെയ്യാന്‍ കഴിയും.
ഹമാസിനെ നിയന്ത്രിക്കാനുള്ള നീക്കത്തെക്കുറിച്ച് ടെലിഗ്രാം പരസ്യപ്രതികരണം നടത്തിയിട്ടില്ലെങ്കിലും ”ഇസ്രയേല്‍ വിരുദ്ധ പ്രസ്ഥാനങ്ങള്‍”ക്കെതിരെ പ്രചാരണം നടത്തുന്ന യുഎസ് ആസ്ഥാനമായുള്ള സച്ചോര്‍ ലീഗല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഹമാസിന്റെ ടെലിഗ്രാം പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ആപ്പിളിന് കത്തെഴുതിയിരുന്നു. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ബ്ലോക്ക് ചെയ്തിട്ടും ലിങ്ക് ചെയ്ത അക്കൗണ്ടുകള്‍ ഐഒഎസില്‍ ആക്സസ് ചെയ്യാന്‍ കഴിയുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. പിന്നാലെയാണ് നിയന്ത്രണം.ഹമാസ് തങ്ങളുടെ സന്ദേശങ്ങള്‍ ടെലിഗ്രാം ചാനലുകള്‍ വഴിയാണ് പുറത്തേക്കെത്തിക്കുന്നത്. അക്രമാസക്തമായ വീഡിയോകളും ചിത്രങ്ങളും തത്സമയം സംപ്രേക്ഷണം ചെയ്യാനും ഹമാസ് ഉപയോഗിച്ചത് ടെലിഗ്രാമാണ്.