കാനഡക്കു പിന്നാലെ ഇന്ത്യക്കെതിരെ ആരോപണവുമായി യു എസും





വാഷിംഗ്ടണ്‍: യു എസ് മണ്ണില്‍ ഒരു അമേരിക്കന്‍ പൗരനെ വധിക്കാനുള്ള ശ്രമത്തിന് ഇന്ത്യന്‍ സര്‍ക്കാരിന്റെ ഒരു ഏജന്റ് നേതൃത്വം നല്‍കിയതായി യു എസ് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു.
ജൂണില്‍ ബ്രിട്ടീഷ് കൊളംബിയയിലെ സിഖ് ക്ഷേത്രത്തിന് പുറത്ത് പ്രമുഖ സിഖ് പ്രവര്‍ത്തകന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്താന്‍ ഉത്തരവിട്ടത് ഇന്ത്യന്‍ ഏജന്റാണെന്ന പുതിയ തെളിവുകളും ആരോപണത്തില്‍ പുറത്തുവിട്ടു. എന്നാല്‍ ഏജന്റിന്റെ പേര് പുറത്തുവിട്ടിട്ടില്ല.
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ സെപ്റ്റംബറില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏജന്റുമാരാണ് നിജ്ജാറിന്റെ കൊലപാതകം നടത്തിയതെന്ന് ‘വിശ്വസനീയമായ തെളിവുകള്‍’ ഉണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ ഇന്ത്യ നിഷേധിക്കുകയായിരുന്നു. എന്നാല്‍ യു എസ് കുറ്റപത്രം കൂടി രംഗത്തെത്തിയതോടെ കാനഡയുടെ ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്നതായാണ് തോന്നിക്കുന്നത്. സ്വതന്ത്ര സിഖ് രാഷ്ട്രം സ്ഥാപിക്കാന്‍ പിന്തുണ നല്‍കുന്നവരെ കൊലപ്പെടുത്താനും നിശ്ശബ്ദരാക്കാനും ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ വിമര്‍ശകരെ നിശ്ശബ്ദരാക്കാനും കൊല്ലാനും ഇന്ത്യയില്‍ ആസൂത്രണം ചെയ്തതായി ആരോപിക്കപ്പെടുന്ന ആഗോള ഗൂഢാലോചനയുടെ തെളിവുകളാണ് പുറത്തുവന്നത്.

കുറ്റപത്രത്തില്‍ സിസി-1 എന്ന് പരാമര്‍ശിക്കുന്ന ഇന്ത്യന്‍ സംസ്ഥാന ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്റെ പേര് നീതിന്യായ വകുപ്പ് പറഞ്ഞിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ ഏജന്റുമായി അടുത്ത ബന്ധത്തില്‍ പ്രവര്‍ത്തിച്ചതിന് മറ്റൊരു വ്യക്തിയായ നിഖില്‍ ഗുപ്ത (52)ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

ഇന്ത്യന്‍ പൗരനായ ഗുപ്തയെ സിസി1 ന്റെ ‘അടുത്ത സഹകാരി’ എന്ന് വിശേഷിപ്പിക്കുന്നു. കൂടാതെ അന്താരാഷ്ട്ര മയക്കുമരുന്ന്, ആയുധക്കടത്ത് എന്നിവയിലും പങ്കാളിത്തമുണ്ട്. ജൂണ്‍ 30ന് ചെക്ക് റിപ്പബ്ലിക്കില്‍ അറസ്റ്റ് ചെയ്ത് തടവിലാക്കിയ ഇയാളെ ഉഭയകക്ഷി കൈമാറല്‍ ഉടമ്പടി പ്രകാരം യു എസിലേക്ക് കൈമാറും.

അമേരിക്കന്‍ മണ്ണില്‍ ഒരു സിഖ് വിഘടനവാദിയെ വധിക്കുന്നതിനുള്ള ഗൂഢാലോചന യു എസ് അധികാരികള്‍ പരാജയപ്പെടുത്തിയെന്നും ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന ആശങ്കയില്‍ ഇന്ത്യന്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് കഴിഞ്ഞ ആഴ്ചയാണ് റിപ്പോര്‍ട്ട് ചെയ്ത്.

സ്വതന്ത്ര സിഖ് രാഷ്ട്രം രൂപീകരിക്കുന്നതിന് അനൗദ്യോഗിക റഫറണ്ടം സംഘടിപ്പിക്കുന്ന യു എസ് ആസ്ഥാനമായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ മുഖ്യ നിയമോപദേശകന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂനാണ് ഗൂഢാലോചനയുടെ ലക്ഷ്യം എന്ന് യു എസ് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

അമേരിക്കന്‍ മണ്ണില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ നടത്തിയ വിഫലശ്രമം അന്തര്‍ദേശീയ ഭീകരതയാണെന്നും ഇത് യു എസിന്റെ പരമാധികാരത്തിനും സംസാര സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും ഭീഷണിയാണെന്നും ഗാര്‍ഡിയന് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞ സിംഗ് യു എസ് സര്‍ക്കാര്‍ ഈ ഭീഷണിയോട് പ്രതികരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യ- യു എസ് സുരക്ഷാ സഹകരണത്തെക്കുറിച്ചുള്ള സമീപകാല ചര്‍ച്ചകള്‍ക്കിടയില്‍ ചില വിവരങ്ങള്‍ യു എസ് പങ്കുവച്ചതായും ഇരു രാജ്യങ്ങള്‍ക്കും ആശങ്കയുണ്ടാക്കുന്നതിനാല്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചതായും ഫിനാന്‍ഷ്യല്‍ ടൈംസ് ലേഖനത്തിന് മറുപടിയായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞു.

ദേശീയ സുരക്ഷാ താത്പര്യങ്ങളെയും ബാധിക്കുന്നതിനാല്‍ ഇന്ത്യ ഗൗരവമായി എടുക്കുന്നതായും പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പരിശോധിച്ചുവരികയാണെന്നും വക്താവ് പറഞ്ഞു. 
Previous Post Next Post