മോദി ധരിക്കുന്നത് ലക്ഷങ്ങൾ വിലയുള്ള സ്യൂട്ടുകളാണ്, എന്നാലത് ആവർത്തിക്കുന്നത് കണ്ടിട്ടുണ്ടോ?’ : രാഹുൽ ഗാന്ധി


സത്‌ന (മധ്യപ്രദേശ്) : പ്രധാനമന്ത്രി നരേന്ദ്ര മോദി ജാതി പറഞ്ഞാണ് അധികാരത്തിലെത്തിയതെന്ന് കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിക്കുന്നത് ലക്ഷങ്ങൾ വിലയുള്ള സ്യൂട്ടുകളാണ്. എന്നാലത് ആവർത്തിക്കുന്നത് കണ്ടിട്ടുണ്ടോ? താൻ ഈ വെള്ള ടീ ഷർട്ട് മാത്രമാണ് ധരിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മധ്യപ്രദേശിലെ സത്‌നയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ ഗാന്ധി. 
‘‘ഞാൻ നരേന്ദ്ര മോദിയുടെ പ്രസംഗം കേട്ടു. എല്ലായിടങ്ങളിലും എല്ലാ പ്രസംഗത്തിലും താൻ ഒബിസി വിഭാഗത്തിൽപ്പെട്ടയാളാണെന്നാണ് നരേന്ദ്ര മോദി പറയുന്നത്. ഇത് ആവർത്തിച്ചു പറഞ്ഞാണ് അദ്ദേഹം പ്രധാനമന്ത്രിയായത്. അദ്ദേഹം ദിവസവും ലക്ഷങ്ങൾ വിലയുള്ള സ്യൂട്ടുകളാണ് ധരിക്കുന്നത്. ഒരു ദിവസം ശരാശരി 1–2 സ്യൂട്ടുകളെങ്കിലും അദ്ദേഹം ധരിക്കാറുണ്ട്. എന്നാൽ അതേ സ്യൂട്ടുകൾ ആവർത്തിക്കുന്നത് കണ്ടിട്ടുണ്ടോ? എനിക്ക് ഈ വെള്ള ടീ ഷർട്ട് മാത്രമാണുള്ളത്’’– രാഹുൽ ഗാന്ധി പറഞ്ഞു. 

ഞാൻ ജാതി അടിസ്ഥാനമാക്കി സെൻസസ് നടത്തുന്നതിനെക്കുറിച്ച് പറഞ്ഞപ്പോൾ മുതൽ പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളിൽ നിന്ന് ജാതിപോയെന്നും രാഹുൽ വിമർശിച്ചു. ഞാൻ ജാതിയെക്കുറിച്ച് പറഞ്ഞപ്പോൾ രാജ്യത്ത് ജാതിയില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്.  മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആദ്യം തന്നെ ജാതി സെൻസസ് നടത്തുന്നതിനുള്ള നടപടി സ്വീകരിക്കും. രാജ്യത്ത് അധികാരത്തിലെത്തിയാലും ജാതി സെൻസസ് നടപ്പാക്കും. ജിഎസ്ടിയുടെ പേരിൽ പാവങ്ങളിൽ നിന്ന് പിരിക്കുന്ന പണം വൻകിട വ്യവസായികൾക്കാണ് സർക്കാർ നൽകുന്നത്. വൻകിടക്കാർ രാജ്യത്ത് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. 
Previous Post Next Post