സംസ്ഥാനത്തെ ആദ്യത്തെ ടൈഗര്‍ സഫാരി പാര്‍ക്ക്...'കടുവ ഇനി തൊട്ടടുത്ത്, ഭയമില്ലാതെ കാണാം';


 

കോഴിക്കോട്: സംസ്ഥാനത്തെ ആദ്യത്തെ ടൈഗര്‍ സഫാരി പാര്‍ക്ക് കോഴിക്കോട് ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. പ്ലാന്‍റേഷന്‍ കോര്‍പറേഷന്‍റെ കൈവശമുള്ള പേരാമ്പ്ര എസ്റ്റേറ്റിലെ 120 ഹെക്ടര്‍ ഭൂമി തിരിച്ചെടുത്ത് പാര്‍ക്ക് തുടങ്ങാന്‍ തത്വത്തില്‍ അംഗീകാരം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. വനംവകുപ്പ് പ്ലാന്‍റേഷന്‍ കോര്‍പറേഷന് പാട്ടത്തിനു നല്‍കിയ ഭൂമിയിലാണ് പേരാമ്പ്ര എസ്റ്റേറ്റ് പ്രവര്‍ത്തിക്കുന്നത്. പാട്ടക്കാലാവധി കഴിഞ്ഞ 1230 ഹെക്ടറോളം ഭൂമിയില്‍ നിന്നാണ് പാര്‍ക്കിനുവേണ്ട 120 ഹെക്ടര്‍ ലഭ്യമാക്കുക.വിനോദസഞ്ചാരകേന്ദ്രമായ പെരുവണ്ണാമൂഴിയുടെ ഏതാനും കിലോമീറ്ററിനുള്ളിലാണ് ടൈഗര്‍ സഫാരി പാര്‍ക്ക് വരിക. പദ്ധതി യാഥാര്‍ഥ്യമാകുന്നത് കേരളത്തിലെ ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് പേരാമ്പ്ര എംഎല്‍എ ടിപി രാമകൃഷ്ണന്‍ പറഞ്ഞു. 'പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പ്രദേശത്തിന്‍റെ വികസനത്തിനും ടൈഗര്‍പാര്‍ക്ക് വഴിയൊരുക്കും. ജനപ്രതിനിധികളും ബഹുജനങ്ങളുമായി ചര്‍ച്ച ചെയ്ത് പദ്ധതിയുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും' എംഎല്‍എ അറിയിച്ചു.സെപ്റ്റംബര്‍ 20ന് വനംവകുപ്പുമന്ത്രി എകെ ശശീന്ദ്രന്‍റെ നേതൃത്വത്തില്‍ നടന്ന ഉന്നതതലയോഗത്തിലാണ് മലബാര്‍ മേഖലയില്‍ ടൈഗര്‍പാര്‍ക്കിനുവേണ്ടി സ്ഥലം കണ്ടെത്താന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച സാധ്യതാപഠനത്തിനായി നോര്‍ത്തേണ്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. പല സ്ഥലങ്ങളും പരിഗണനയിലുണ്ടായിരുന്നെങ്കിലും കോഴിക്കോട് പേരാമ്പ്ര മണ്ഡലത്തിലെ പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ചില്‍ ഉള്‍പ്പെട്ട ചക്കിട്ടപാറ പഞ്ചായത്തിലെ സ്ഥലമാണ് അനുയോജ്യമെന്ന് സമിതി കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം പ്രദേശത്ത് പരിശോധന നടത്തുകയും ചെയ്തു.ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, വെള്ളത്തിന്‍റെ ലഭ്യത, പ്രദേശത്തെ ജനവാസം തുടങ്ങിയവയെല്ലാം വിശദമായി വിലയിരുത്തിയാണ് മുതുകാട്ടിലെ സ്ഥലം സഫാരി പാര്‍ക്കിന് അനുയോജ്യമാണെന്ന് വിദഗ്ധസംഘം റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയത്. നാഷണല്‍ ടൈഗര്‍ റിസര്‍വ് കണ്‍സര്‍വേഷന്‍ പ്രതിനിധികളുടെ പരിശോധന അടക്കമുള്ള തുടര്‍നടപടികളാണ്  അടുത്തഘട്ടം.  കര്‍ണാടക ബെംഗളൂരുവിലെ ബെന്നാര്‍ഘട്ടെ സഫാരി പാര്‍ക്കിന്‍റെ മാതൃകയിലായിരിക്കും മുതുകാട്ടെ ടൈഗര്‍ സഫാരി പാര്‍ക്ക്. നിര്‍ദ്ദിഷ്ട ഉയരത്തിലുള്ള ചുറ്റുമതിലും കമ്പിവേലിയും കൊണ്ട് ഭൂമി വേര്‍തിരിച്ച് അതിനുള്ളില്‍ കടുവകളെ തുറന്നുവിടും. ഇവയുടെ ഭക്ഷണവും പരിപാലനവും ഉറപ്പാക്കും. വാഹനത്തില്‍ സഞ്ചരിച്ച് കടുവകളെ കാണാനുള്ള സൗകര്യമാണ് സഞ്ചാരികള്‍ക്ക് ലഭ്യമാകുക. മൃഗശാലയുടെ പദവിയായിരിക്കും പാര്‍ക്കിനുണ്ടാകുക. വടക്കന്‍ ജില്ലകളില്‍ ഇത്തരത്തിലുള്ള പാര്‍ക്കുകളൊന്നും നിലവിലില്ല. അതുകൊണ്ടുതന്നെ മലബാറിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായി ടൈഗര്‍ സഫാരി പാര്‍ക്ക് മാറുമെന്നാണ് പ്രതീക്ഷ.

Previous Post Next Post