ഭക്ഷണസാധനങ്ങളിൽ എലിയെ കണ്ടെത്തിയതിനെ തുടർന്ന് സർക്കാർ ആശുപത്രി കാന്‍റീൻ പൂട്ടി. എലി ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ രോഗിയുടെ ബന്ധുവാണ് മൊബൈൽഫോണിൽ പകർത്തിയത്. ആശുപത്രി കാന്റീനുകളിലൊന്നിൽ ഭക്ഷണം കഴിക്കാൻ പോയ ഒരു രോഗിയുടെ ബന്ധു, ഗ്ലാസ് സ്റ്റോറേജ് ബോക്സിലെ ഭക്ഷണസാധനങ്ങളിലൂടെ എലി ഓടുന്നത് കണ്ടതോടെയാണ് സംഭവം മൊബൈലിൽ പകർത്തിയത്.വിഷയം ചോദ്യം ചെയ്തപ്പോൾ, ഭക്ഷണം പഴകിയതാണെന്നും ആളുകൾക്ക് നൽകില്ലെന്നും ജീവനക്കാർ പറഞ്ഞു. ചെന്നൈയിലെ ഗവൺമെന്റ് സ്റ്റാൻലി മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാന്റീലാണ് സംഭവം. വിവാദമായതോടെ നടപടിയുമായി ആശുപത്രി അധികൃതർ രംഗത്തെത്തി. ആശുപത്രി ഡീൻ ഡോ.പി ബാലാജി കാന്റീൻ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. പഴയ ഭക്ഷണം ഇപ്പോൾ കാൻറീനിൽനിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഈ ഭക്ഷണമൊന്നും പൊതുജനങ്ങൾക്ക് വിൽപന നടത്തിയിട്ടില്ലെന്ന് മെഡിക്കൽ കോളേജ് ഡീൻ പറഞ്ഞു. ശരിയായ ശുചീകരണം നടത്തുന്നതുവരെ ക്യാന്റീൻ അടച്ചിടുമെന്ന് അദ്ദേഹം പറഞ്ഞു.