ന്യൂഡൽഹി: രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയുടെ ആകാശത്ത് പറക്കും ടാക്സികൾ ഇടംപിടിക്കുമെന്ന് റിപ്പോർട്ടുകൾ. ഇതിനായി രണ്ട് കമ്പനികളാണ് തയ്യാറെടുക്കുന്നത്. പ്രമുഖ വാഹന നിർമാതാക്കളായ ഹ്യൂണ്ടായും എയർലൈൻ കമ്പനിയായ ഇൻഡിഗോയുടെ പേരന്റെ കമ്പനിയായ ഇന്റർഗ്ലോബ് എന്റർപ്രസസുമാണ് നിർമിക്കാൻ ഒരുങ്ങുന്നത്.ഇരു കമ്പനികളുടെ വാഹനങ്ങളും 2026ഓടെ പുറത്തിറക്കാനാകുമെന്നാണ് കരുതുന്നത്. 160 കിലോമീറ്റർ വേഗത്തിൽ പറക്കുന്ന ഒരു ചെറു വിമാനമാണ് ഇത്തരത്തിൽ ഒരുക്കുന്നത്. പൈലറ്റ് അടക്കം കുറഞ്ഞത് അഞ്ചു പേർക്കെങ്കിലും ഈ ടാക്സിയിൽ പറക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ ഓട്ടോമൊബൈൽ കമ്പനിയായ ഹ്യുണ്ടായി മോട്ടോർ ഗ്രൂപ്പും ഇതിനായുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയതായി അറിയിച്ചിട്ടുണ്ട്. ഇലക്ട്രിക് ടാക്സികൾ നിർമ്മിക്കുന്നതിനായി യുഎസിൽ ഒരു നിർമ്മാണ കേന്ദ്രം നിർമ്മിക്കാൻ പദ്ധതിയിടുന്നതായി ദക്ഷിണ കൊറിയൻ ഓട്ടോ ഗ്രൂപ്പ് ബുധനാഴ്ച അറിയിച്ചു. ഇവിടിഒഎൽ ടാക്സി എന്നാണ് ഈ പദ്ധതിക്ക് ഹ്യുണ്ടായ് പേര് നിർദ്ദേശിച്ചിരിക്കുന്നത്.
വൈദ്യുതിയുടെ സഹായത്തോടെ ടേക്കോഫും ലാൻഡിങ്ങും ചെയ്യുന്ന തരത്തിലാണ് ഫ്ലൈയിങ് ടാക്സി സജ്ജീകരിച്ചിട്ടുള്ളത്. സാധാരണ വിമാനങ്ങളിലേതിന് പോലെയല്ലാതെ ഹെലികോപ്ടറുകൾക്ക് സമാനമായി നേരെ ഉയരുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.
മണിക്കൂറിൽ 193 കിലോമീറ്റർ വേഗതയിൽ പറക്കാൻ സാധിക്കുമെന്നതാണ് ഹ്യൂണ്ടായ് തങ്ങളുടെ വാഹനത്തേക്കുറിച്ച് പറയുന്നത്. പദ്ധതിക്കായി ഹ്യുണ്ടായ് മോട്ടോഴ്സ്, കിയ കോർപ്പറേഷൻ, ഹ്യുണ്ടായ് മോബിസ് എന്നീ കമ്പനികൾ 1.2 ലക്ഷം കോടി രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്. 2024 ഡിസംബർ മാസത്തോടെ പരീക്ഷണപറത്തൽ ചെയ്യാൻ സാധിക്കുമെന്നാണ് കമ്പനി കരുതുന്നത്.ഈ പദ്ധതിക്ക് ഏറ്റവും വെല്ലുവിളി ഉയർത്തുന്ന ബാറ്ററി സംവിധാനമാണ്. ഇതാണ് എയർ ടാക്സി വാഹനത്തിന്റെ 40 ശതമാനം ഭാരവും വഹിക്കുന്നത്. അവശേഷിക്കുന്ന ഭാഗത്താണ് യാത്രക്കാരുടെ അടക്കം ഭാരം കൈകാര്യം ചെയ്യേണ്ടത്. ഭാവിയിൽ ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരവും കണ്ടെത്തുമെന്നാണ് പറയുന്നത്.
എയർലൈൻസ് കമ്പനിയായ ഇൻഡിഗോയുടെ പേരന്റഖ് കമ്പനികളിലൊന്നായ ഇന്റർഗ്ലോബ് എൻ്റർപ്രൈസസ് ആണ് സമാന ആശയം മുന്നോട്ട് വച്ച മറ്റൊരു കമ്പനി. ഇന്റർഗ്ലോബ് എന്റർപ്രൈസസ് യുഎസ് ആസ്ഥാനമായുള്ള ആർച്ചർ ഏവിയേഷൻസും ചേർന്നാണ് പദ്ധതിയൊരുക്കുന്നത്.
ഇരു കമ്പനികളും സമാനമായ യാത്രക്കാരെ തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇന്റർഗ്ലോബ് എന്റർപ്രൈസസിന്റെ ഓൾ ഇലക്ട്രിക് എയർ ടാക്സി 160 കിലോമീറ്റർ ദൂരം സഞ്ചരിക്കാമെന്നാണ് അവകാശവാദം.ആദ്യഘട്ടത്തിൽ പ്രധാന നഗരങ്ങളായ ഡൽഹി, മുംബൈ, ബെംഗളൂരു, എന്നിവിടങ്ങളിലാകും എയർ കാറുകൾ പുറത്തിറക്കുക. ആദ്യഘട്ടത്തിൽ 200 എയർ ടാക്സികൾ പുറത്തിറക്കുമെന്നാണ് പറയുന്നത്. നിരത്തിലൂടെ ഒരു മണിക്കൂർ മുതൽ ഒന്നര മണിക്കൂർ വരെ സമയം എടുക്കുന്നത് വെറും മണിക്കൂറുകൾ കൊണ്ട് എത്താൻ സാധിക്കുമെന്നാണ് കരുതുന്നത്. ഈ ചെറുവിമാനം മെഡിക്കൽ, എമർജൻസി, ചാർട്ടർ സേവനങ്ങൾക്കും ഉപയോഗിക്കാൻ സാധിക്കും.