ദോഹ: പലസ്തീനില്‍ യുദ്ധം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഖത്തര്‍ ഈ വര്‍ഷത്തെ ദേശീയ ദിനാഘോഷങ്ങള്‍ മാറ്റിവച്ചു. ഇക്കാര്യം അറിയിച്ച് ഖത്തര്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ഖാലിദ് അല്‍ അത്തിയ എക്‌സ് പ്ലാറ്റ്‌ഫോമില്‍ വീഡിയോ ക്ലിപ് പോസ്റ്റ് ചെയ്തു.ഖത്തര്‍ അമീറും സായുധസേന കമാന്‍ഡര്‍ ഇന്‍ ചീഫുമായ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നിര്‍ദേശപ്രകാരം സായുധ സേനയുടെ ഈ വര്‍ഷത്തെ ദേശീയ ദിനാഘോഷ പരേഡ് മാറ്റിയതായും അദ്ദേഹം അറിയിച്ചുഇസ്രായേലും ഹമാസും ഒക്ടോബര്‍ ഏഴ് മുതല്‍ ആരംഭിച്ച യുദ്ധം രൂക്ഷമായി തുടരുകയാണ്. ഗാസ മുനമ്പില്‍ ഇതിനകം 12,000 ത്തിലധികം പേര്‍ കൊല്ലപ്പെട്ടു. വംശഹത്യയും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും നിര്‍ബാധം തുടരുമ്പോള്‍ ഗാസയിലെ നമ്മുടെ സഹോദരങ്ങളോട് തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചെറിയ കാര്യമാണ് ഈ മാറ്റിവയ്ക്കലെന്നും അദ്ദേഹം പറഞ്ഞു.ഈ മാസം 18ന് നടക്കേണ്ടിയിരുന്ന ഒമാന്റെ 53ാം ദേശീയ ദിനാഘോഷങ്ങള്‍ പലസ്തീനിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ റദ്ദാക്കിയിരുന്നു. ഇതിന് സമാനമായാണ് ഖത്തറിന്റെയും പ്രഖ്യാപനം. ഡിസംബര്‍ 18നാണ് ഖത്തര്‍ ദേശീയ ദിനമാഘോഷിച്ചുവരുന്നത്. ഖത്തറിനെ ഒരു രാഷ്ട്രമാക്കി ഒന്നിപ്പിച്ച ആധുനിക രാഷ്ട്ര സ്ഥാപകന്‍ ഷെയ്ഖ് ജാസിം ബിന്‍ മുഹമ്മദ് അല്‍താനിയെ ഈ ദിനത്തില്‍ രാജ്യം ആദരിക്കുന്നു. വര്‍ഷം തോറും ദേശീയ ദിനത്തില്‍ ഖത്തര്‍ സൈന്യം 'നാഷണല്‍ മാര്‍ച്ച്' നടത്തിവരുന്നു. ഖത്തര്‍ അമീര്‍ ഉള്‍പ്പെടെയുള്ള ഭരണനേതാക്കള്‍ സൈനിക പരേഡില്‍ സംബന്ധിക്കുന്നു.വരുന്ന ജനുവരിയില്‍ ദോഹയില്‍ ആരംഭിക്കുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പ് ടിക്കറ്റ് വില്‍പനയില്‍ നിന്നുള്ള വരുമാനം പലസ്തീന്‍ ജനതയ്ക്ക് നല്‍കാന്‍ ഖത്തര്‍ തീരുമാനിച്ചിട്ടുണ്ട്. ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെയാണ് ഏഷ്യന്‍ കപ്പ്. ടിക്കറ്റ് വില്‍പന
ഒക്ടോബര്‍ 10ന് ആരംഭിച്ചിരുന്നു.
ഒന്നാംഘട്ട ടിക്കറ്റുകള്‍ പൂര്‍ണമായും വിറ്റ് തീര്‍ന്നതായി പ്രാദേശിക സംഘാടക സമിതി അറിയിച്ചു. ആദ്യ 24 മണിക്കൂറിനുള്ളില്‍ മാത്രം 81,209 ടിക്കറ്റുകള്‍ വിറ്റു. ഖത്തര്‍, സൗദി അറേബ്യ, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കൂടുതല്‍ ടിക്കറ്റുകള്‍ വാങ്ങിയത്. രണ്ടാം ഘട്ട ടിക്കറ്റ് വില്‍പന ഇന്നാണ് ആരംഭിക്കുക.
പലസ്തീനിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമായി ഈ ടൂര്‍ണമെന്റിനെ ഉപയോഗിക്കുകയാണെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി പറഞ്ഞു. സാമൂഹിക ഉത്തരവാദിത്തമാണ് ഇതിലൂടെ നിര്‍വഹിക്കുന്നത്. പ്രയാസകരമായ സമയത്ത് നമ്മുടെ സഹോദരങ്ങളെ പിന്തുണയ്ക്കാന്‍ ആവശ്യമായ എല്ലാ സഹായവും നല്‍കണം. ഭക്ഷണവും മരുന്നും എത്തിക്കാന്‍ ടിക്കറ്റ് വരുമാനം ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏഷ്യന്‍ വന്‍കരയിലെ ഫുട്‌ബോള്‍ ജേതാക്കളെ കണ്ടെത്താനുള്ള ടൂര്‍ണമെന്റിന് ഇത് മൂന്നാം തവണയാണ് ഖത്തര്‍ ആതിഥ്യമരുളുന്നത്. ഏഷ്യന്‍ കപ്പില്‍ 51 മല്‍സരങ്ങളാണുള്ളത്. ഏഷ്യയിലെ മികച്ച 24 ടീമുകള്‍ ഖത്തറിലെ ഒമ്പത് ലോകോത്തര സ്റ്റേഡിയങ്ങളിലായി മത്സരിക്കും.