മദ്യ ലഹരിയിൽ പെൺകുട്ടിയെ ശല്യം ചെയ്ത പൊലീസുകാരനെ നാട്ടുകാർ " പഞ്ഞിക്കിട്ടു "


ബീഹാർ : മദ്യ ലഹരിയിൽ പെൺകുട്ടിയെ ശല്യപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥനെ നടുറോഡിൽ ജനക്കൂട്ടം കൈകാര്യം ചെയ്തു. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറെ ജനക്കൂട്ടം ഓടിച്ചിട്ട് മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ബീഹാറിലെ പട്നയിലാണ് സംഭവം.

പൊലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എഎസ്ഐ) ഷേർ സിംഗിനാണ് മർദനമേറ്റത്. ജോലിക്ക് പോവുകയായിരുന്ന പെൺകുട്ടിയെ ഇയാൾ അനുചിതമായി സ്പർശിക്കുകയായിരുന്നു. സംഭവം അപ്പോൾ തന്നെ പെൺകുട്ടി വീട്ടുകാരോട് പറയുകയും, വീട്ടുകാർ ബഹളം വച്ചപ്പോൾ നാട്ടുകാർ ചേർന്ന് കുറ്റാരോപിതനായ പൊലീസുകാരനെ മർദിക്കുകയുമായിരുന്നു.

മർദ്ദനത്തിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന പൊലീസുകാരനെ ജനക്കൂട്ടം ഓടിച്ചിട്ടടിക്കുന്നത് വിഡിയോയിൽ കാണാം. പൊലീസ് സ്‌റ്റേഷനിലേക്ക് ഓടിക്കയറിയാണ് ഇയാൾ രക്ഷപ്പെട്ടത്. എഎസ്‌ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസുകാരൻ മദ്യലഹരിയിലാണെന്ന് കണ്ടെത്തി. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ടെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Previous Post Next Post