ചാണകം ഏറാണ് ഇവിടുത്തെ ദീപാവലി സ്പെഷ്യൽ



 ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. മനുഷ്യ ഹൃദയങ്ങളില്‍ നിന്ന് തിന്മയെ നിഗ്രഹിക്കുക എന്നതാണ് ദീപാവലി നല്‍കുന്ന സന്ദേശം. ചിരാതുകളില്‍ എണ്ണത്തിരികളിട്ട് ദീപങ്ങളുടെ നിരയൊരുക്കി മധുരപലഹാരങ്ങള്‍ കൈമാറിയും പടക്കം പൊട്ടിച്ചും ഉത്സവം പൂര്‍വാധികം ഭംഗിയാക്കാന്‍ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു.ദീപാവലി ആഘോഷിക്കാൻ ഓരോ നഗരത്തിനും അതിന്റേതായ തനതായ രീതികളുണ്ട്. പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും വിളക്കു കൊളുത്തിയും ദീപാവലി ആഘോഷിക്കുന്നവരെ നമുക്കറിയാം. എന്നാൽ ചാണകം എറിഞ്ഞ് ദീപാവലി ആഘോഷിക്കുന്ന ഒരു ഗ്രാമം ഇന്ത്യയിൽ ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാമോ? തമിഴ്നാട്-കർണാടക അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ‘ഗുമതപുര’ ഗ്രാമത്തിൽ ചാണക പോരോടെയാണ് ദീപാവലിക്ക് അവസാനം കുറിക്കുന്നത്.ദീപാവലി കഴിഞ്ഞ് മൂന്നാം ദിനമാണ് ‘ഗോരെഹബ്ബ ഉത്സവം’ ആഘോഷിക്കുന്നത്. ഗ്രാമീണരുടെ ദൈവമായ ‘ബീരേഷ്വര സ്വാമി’ പശുവിന്റെ ചാണകത്തിൽ നിന്നും പിറവിയെടുത്തു എന്ന വിശ്വാസത്തിന്റെ ഭാഗമായാണ് ആഘോഷം. ഉത്സവത്തിന് 300 വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് വിശ്വാസം. ഉത്സവത്തിൻ്റെ ഭാഗമായി ഗ്രാമത്തിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും ശേഖരിച്ച ചാണകം ട്രാക്ടറുകളിൽ ബീരേശ്വര സ്വാമി ക്ഷേത്രത്തിന്റെ പിൻഭാഗത്ത് എത്തിക്കുന്നു.

ക്ഷേത്ര പൂജാരി ചടങ്ങുകൾ പൂർത്തിയാക്കുന്നതോടെ ചാണകം തുറസ്സായ സ്ഥലത്ത് കൂട്ടിയിടും. ഇതിനു ശേഷമാണ് ആഘോഷം ആരംഭിക്കുന്നത്. എല്ലാ പ്രായത്തിലുള്ള പുരുഷൻമാർ പരസ്പരം ചാണകം എറിയുന്നു. ഒരു മണിക്കൂറിന് ശേഷം, പങ്കെടുത്ത എല്ലാവരും ക്ഷേത്രക്കുളത്തിൽ കുളിച്ച് ശുദ്ധിവരുത്തി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുന്നതോടെ ഉത്സവം അവസാനിക്കും. ‘ഗോരെഹബ്ബ’ ഉത്സവത്തിന് ഉപയോഗിക്കുന്ന ചാണകം കൃഷിസ്ഥലത്ത് തളിച്ചാൽ ഉൽപ്പാദനക്ഷമത വർദ്ധിക്കുമെന്നും ഗ്രാമവാസികൾ വിശ്വസിക്കുന്നു. എല്ലാ വർഷവും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഉത്സവം കാണാൻ ഗ്രാമത്തിലെത്താറുണ്ട്.

Previous Post Next Post