പള്ളിക്കത്തോട് : മകൾക്ക് വിദേശത്ത് ജോലി നൽകാമെന്നു പറഞ്ഞ് വീട്ടമ്മയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ആനയടി പള്ളിക്കൽ ഭാഗത്ത് പുത്തൻവീട്ടിൽ വടക്കേതിൽ വീട്ടിൽ (ഇപ്പോൾ എറണാകുളം രാമമംഗലം, കുന്നക്കാട്ട് ഭാഗത്ത് വാടകയ്ക്ക് താമസം) ചാക്കോച്ചി എന്ന് വിളിക്കുന്ന സെബാസ്റ്റ്യൻ സിബിച്ചൻ (40) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പള്ളിക്കത്തോട് സ്വദേശിനിയായ വീട്ടമ്മയിൽ നിന്നും ഇവരുടെ മകൾക്ക് ഓസ്ട്രേലിയയിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ്, 2023 മെയ്, ജൂൺ മാസങ്ങളിലായി 5,90,000/-( അഞ്ചു ലക്ഷത്തി തൊണ്ണൂറായിരം) രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് ജോലി നൽകാതെയും, പണം തിരികെ നൽകാതെയും കബളിപ്പിച്ചതിന് തുടർന്ന് വീട്ടമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ ഇയാളെ പിടികൂടുകയായിരുന്നു. പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്.ഓ ഹരികൃഷ്ണൻ കെ.ബി, എസ്.ഐ രാജു പി.വി, എ.എസ്.ഐ ജയരാജ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
പള്ളിക്കത്തോട്ടിൽ വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ.
jibin
0