കൂത്താട്ടുകുളം: ഫാമിലി കൗണ്‍സിലിംഗ് ആവശ്യമുണ്ടെന്ന് പറഞ്ഞ് മലപ്പുറം മഞ്ചേരി സ്വദേശിയെ വിളിച്ചുവരുത്തി ഹണി ട്രാപ്പില്‍ പെടുത്തി പണവും കാറും തട്ടിയെടുത്ത കേസില്‍ യുവതികളടക്കം നാലു പ്രതികളെ കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി വട്ടപ്പാറ പുതുശ്ശേരിപ്പടിക്കല്‍ അഭിലാഷ് (28), ശാന്തന്‍പാറ ചെരുവില്‍ പുത്തന്‍വീട്ടില്‍ ആതിര (28), അടിമാലി കാട്ടാഞ്ചേരി അക്ഷയ (21),കൊല്ലം ചടയമംഗലം വലിയകുഴി നൗഫല്‍ മന്‍സലില്‍ അല്‍ അമീന്‍ (23) എന്നിവരാണ് കൂത്താട്ടുകുളം പോലീസിന്റെ പിടിയിലായത്.ആലുവയില്‍ താമസിക്കുന്ന ഫാമിലി കൗണ്‍സിലറും യൂട്യൂബറുമായ മലപ്പുറം സ്വദേശിയുടെ പരാതിയെ തുടര്‍ന്നാണ് കൂത്താട്ടുകുളം പോലീസ് പ്രതികളെ അറസ്റ്റു ചെയ്തത്. സുഖമില്ലാതെ കിടക്കുന്ന അനിയന് കൗണ്‍സിലിംഗ് നല്‍കണമെന്ന് പറഞ്ഞ് വ്യാഴാഴ്ച പകല്‍ രണ്ടോടെ അക്ഷയ യുവാവിനെ കൂത്താട്ടുകുളത്തെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെവച്ച് മയക്ക് മരുന്ന് കലര്‍ത്തിയ പാനീയം കുടിപ്പിച്ച് മയക്കിയതിനുശേഷം പ്രതികളില്‍പ്പെട്ട സ്ത്രീയുമായി ചേര്‍ന്നുള്ള സ്വകാര്യ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് യുവാവിനെ ഭഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ ആവശ്യപ്പെടുകയും തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ വഴി 9000 രൂപയും, ഇയാളുടെ വാഹനവും യുവതികളില്‍ ഒരാളുടെ പേരിലേക്ക് ഉടമ്പടി പ്രകാരം എഴുതി മേടിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പുത്തന്‍കുരിശ് ഡിവൈഎസ്പി ടി.ബി വിജയന്‍ പറഞ്ഞു. അഭിലാഷ് വാടകക്കെടുത്ത ലോഡ്ജ് മുറിയിലാണ് സംഭവം നടന്നത്.യൂട്യൂബറുടെ പരാതിയെ തുടര്‍ന്ന് പ്രതികളുടെ മൊബൈല്‍ ലൊക്കേഷനും വാഹനത്തിന്റെ നമ്പറും പിന്തുടര്‍ന്ന് കൂത്താട്ടുകുളം പോലീസ് തൃപ്പൂണിത്തുറയില്‍ നിന്നും പ്രതികളെ പിടികൂടുകയായിരുന്നു. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലാകുന്നത്. പുത്തന്‍കുരിശ് ഡിവൈഎസ്പി ടി.ബി വിജയന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. സബ് ഇന്‍സ്പെക്ടര്‍ എം.എ ആനന്ദ്, എ.എസ്.ഐ രാജു പോള്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.വി.അഭിലാഷ്, ആര്‍.രജീഷ്, പി.കെ.മനോജ്, പ്രീജ മോള്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
മയക്ക് മരുന്ന് കലര്‍ത്തിയ പാനീയം കുടിപ്പിച്ച് മയക്കി മഞ്ചേരി സ്വദേശിയെ ഹണി ട്രാപ്പില്‍ പെടുത്തി പണവും കാറും തട്ടിയെടുത്ത കേസില്‍ യുവതികളടക്കം നാലുപേർ കൂത്താട്ടുകുളം പോലീസിന്റെ പിടിയിൽ.
Jowan Madhumala
0